ഇരിട്ടി: ഇരിട്ടി താലൂക്കാശുപത്രിയോട് ചേര്‍ന്ന് പുതിയ പ്രസവ വാര്‍ഡിന്റെയും സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ കേന്ദ്രം അടക്കമുള്ള കെട്ടിട ബ്ലോക്കിന്റെയും നിര്‍മ്മാണ പൂര്‍ത്തിയാവുന്നു. 3.19 കോടി രൂപ ചെലവിലാണ് ആര്‍ദ്രം പദ്ധതിയില്‍ പുതിയ കെട്ടിട സമുച്ചയം ഒരുക്കുന്നത്.
നിലവില്‍ ഡയാലിസിസ്, ഒ.പി, ഫാര്‍മസി എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് പുതിയ പ്രസവ വാര്‍ഡ് കെട്ടിടം നിര്‍മ്മിച്ചത്. ഓപ്പറേഷന് തീയറ്റര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഐ.സി.യു മുറികള്‍, കിടത്തി ചികിത്സാ വാര്‍ഡുകള്‍ എന്നിവയടക്കമാണ് മെറ്റേര്‍ണിറ്റി വാര്‍ഡില്‍ ക്രമീകരിക്കുന്നത്. തസ്തികകള്‍ കൂടി ലഭിക്കുന്നതോടെ പ്രസവ വാര്‍ഡ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാവും. ഫെബ്രുവരി അവസാനത്തോടെ പുതിയ കെട്ടിട ബ്ലോക്ക് ഉദ്ഘാടനം നടത്താനാണ് ശ്രമിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് പി.പി രവീന്ദ്രന് പറഞ്ഞു. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്കായി പുതുതായി വാങ്ങിയ അമ്പത് കട്ടിലുകള്‍ പ്രസവ വാര്‍ഡിലേക്ക് അനുവദിച്ചിട്ടുണ്ട്. കട്ടിലുകള്‍ കഴിഞ്ഞ ദിവസം ഇരിട്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചു. ഓപ്പറേഷന് തീയറ്റര്‍, ഐ.സി.യു ഉപകരണങ്ങള്‍ എന്നിവ കൂടി ലഭ്യമാക്കാനാണ് ശ്രമം. ഇരിപ്പിടങ്ങള്‍, ഇതര ഫര്‍ണ്ണിച്ചര്‍ എന്നിവയും ഉടനെ ഒരുക്കും.
പ്രസവ ശുശ്രൂഷക്കും ചികിത്സക്കും താലൂക്ക് ആശുപത്രിയില്‍ സൗകര്യമാവുന്നതോടെ മലയോരത്തെ ആദിവാസി, ദുര്‍ബല ജനവിഭാഗങ്ങള്ക്കടക്കം സൗജന്യ ചികിത്സയ്ക്ക് സംവിധാനമാവും. നിലവില്‍ സ്വകാര്യ ആശുപത്രികളെയാണ് ഭൂരിഭാഗവും ആശ്രയിക്കുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.