ഉത്തരാഖണ്ഡ് ദുരന്തം: 14 മൃതദേഹം കണ്ടെത്തി

13 ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രണ്ടു തുരങ്കങ്ങളിലായി നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 
Published on 08 February 2021 11:39 am IST
×

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല അടര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ 14 മൃതദേഹങ്ങള്‍ പലയിടത്തു നിന്നായി കണ്ടെടുത്തതായി ചമോലി പോലിസ് അറിയിച്ചു. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതുവരെ 15 പേരെ തുരങ്കത്തില്‍ നിന്ന് രക്ഷിച്ചതായും ചമോലി പോലിസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

154 പേരെ കാണാനില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഒപ്പംതന്നെ 25 പേരെ രക്ഷപ്പെടുത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. 13 ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രണ്ടു തുരങ്കങ്ങളിലായി നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ തപോവന്‍ തുരങ്കത്തിലാണ് കൂടുതല്‍പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള  ദൗത്യം പുരോഗമിക്കുകയാണ്. 

അതേസമയം, ഇന്ന് രാവിലെ ഏഴുമുതല്‍ മുതല്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചിരുന്നു. മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്തുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങളും പ്രത്യേകം പരിശീലനം ലഭിച്ചവരെയും സംഭവ സ്ഥലത്തെത്തിച്ചിട്ടുണ്ട്. അളകനന്ദ നദിയിലെയും ധൗലിഗംഗയിലെയും ജലനിരപ്പ് ഉയര്‍ന്നതും ദുര്‍ഘടമായ കാലാവസ്ഥയും കഴിഞ്ഞദിവസം രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ദുരന്തത്തില്‍ മരണപ്പെട്ടവരുടേയും കാണാതായവരുടെയും കുടുംബാംഗങ്ങളെയും ഇന്ത്യയെയും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അനുശോചനം അറിയിച്ചതായി യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait