കണ്ണൂര്‍: കോവിഡ് മഹാമാരി വന്നതിനുശേഷം കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് ബസ്സ്റ്റാന്റുകളിലെ ചെറുകിട കച്ചവടക്കാരാണ്. 15 വര്‍ഷമായി ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത് ആദ്യമായിട്ടാണെന്ന് കണ്ണൂര്‍ താവക്കര പുതിയ ബസ്സ്റ്റാന്റിലെ കച്ചവടക്കാര്‍ പറയുന്നു. ജില്ലയിലെ മിക്ക ബസ് സ്റ്റാന്റുകളുടെയും അവസ്ഥ ഇതുതന്നെയാണ്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലും സ്ഥിതി മോശമാണ്. ബസ് യാത്രക്കാരുടെ ഗണ്യമായ കുറവാണ് വില്‍പ്പനയെ സാരമായി ബാധിച്ചത്. ടീ സ്റ്റാള്‍, ലോട്ടറി വില്പന, തുകല്‍ ഉല്പ്പന്നശാല തുടങ്ങി നിരവധി കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നയിടമാണ് ബസ്സ്റ്റാന്റുകള്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നുപോയിക്കൊണ്ടിരിക്കുന്നയിടത്ത് ഇപ്പോള്‍ എത്തുന്നതിന് പകുതി ആളുകളാണ്. ചെറിയ ടീസ്റ്റാളുകളില്‍ നിന്ന് ഭക്ഷണവും ചായയും വാങ്ങിക്കുന്നതും കുറഞ്ഞതായി കണ്ണൂര്‍ താവക്കര ബസ് സ്റ്റാന്‍ഡില്‍ ടീസ്റ്റാള്‍ നടത്തുന്ന ഷാജി പറയുന്നു. ഗ്യാസ്, പമോയില്, പഞ്ചസാര എന്നീ അത്യാവശ്യ വസ്തുക്കളുടെ വില വര്‍ധന ഇത്തരം അവസ്ഥയില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉദ്യോഗസ്ഥര്‍ അടക്കമുള്ള അത്യാവശ്യ യാത്രക്കാര്‍ മാത്രം യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ ഇതില്‍ പകുതിപേരും ഇപ്പോഴും പേടികാരണം ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കാറില്ല. അതുപോലെ കുട്ടികള്‍ അടക്കമുള്ള കുടുംബ യാത്രകളുടെ നിയന്ത്രണം കൂടുതല്‍ ദുരിതത്തിലാക്കി. നവംബര്‍, ഡിസംബര്‍ മാസത്തോടെ കച്ചവടത്തില്‍ ചെറിയ മാറ്റം വന്നത്തോടെ അതിവേഗ വൈറസ്, ഷിഗല്ല എന്നിവയുടെ വരവും ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കിയെന്ന് ടീസ്റ്റാള്‍ നടത്തുന്ന ഹനീഫ പറഞ്ഞു. പഴയ കച്ചവടത്തിന്റെ പകുതി ലാഭം പോലും ഇപ്പോള്‍ കിട്ടുന്നില്ലെന്നു മാത്രമല്ല ചിലദിവസങ്ങളില്‍ വലിയ ഭാഗം പലഹാരങ്ങള്‍ ബാക്കിയായി ഉപേക്ഷിക്കേണ്ടിവരുന്നുവെന്നാണ് ടിസ്റ്റാള് നടത്തുന്നവരുടെ പ്രധാന പരാതി. കോവിഡ് വൈറസ് കാരണം പൊതുഗതാഗതം കുറഞ്ഞ് വരുകയാണ്. ബസ് യാത്രകള്‍ ഉപേക്ഷിച്ച് ആളുകള്‍ സ്വന്തം വാഹനത്തെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ബൈക്കിലും കാറിലും എത്തുന്നവര്‍ ബസ് സ്റ്റാഡിനുള്ളിലേക്ക് കടന്നു വരാന്‍ സാധിക്കാത്തതിനാല്‍ മറ്റ് കടകളിലേക്കാണ് പോവുന്നത്. കൂടാതെ കോവിഡിന്റെ വരവോടെ ദേശീയപാതയോരത്ത് എല്ലാത്തരം കച്ചവടവും പൊടിപൊടിക്കുകയാണ്. വാടകയോ മറ്റ് ലൈസന്‍സോ ഇല്ലാതെയാണ് ഇവരുടെ കച്ചവടം. എന്നാല്‍ ഭീമമായ തുക കടമുറിക്ക് മാത്രമായി നല്‍കിയും വൈദ്യുതിക്കും വെള്ളത്തിനും വരെ പണം കൊടുത്താണ് ബസ്സ്റ്റാന്‍ഡിലെ കച്ചവടക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്രയും പ്രതിസന്ധി നിറഞ്ഞ കാലം ഇതുവരെയുണ്ടാട്ടില്ലെന്നും കോവിഡ് വാക്സിന്റെ വരവോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും കച്ചവടക്കാര്‍ പ്രത്യാശ പ്രകടപ്പിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.