മധുരം പൊള്ളുന്നു... അവശ്യവസ്തുക്കളുടെ വില കൂടി

Published on 06 February 2021 8:44 pm IST
×

കണ്ണൂര്‍: അവശ്യ വസ്തുക്കളുടെ വില വര്‍ധിച്ചതോടെ മധുര പലഹാരങ്ങള്‍ക്ക് പൊള്ളുംവില. ബേക്കറി പലഹാരങ്ങളുടെയും വിവിധ കേക്കുകള്‍ക്കുമാണ് വില വര്‍ധിച്ചത്. മധുര പലഹാരങ്ങള്‍, കേക്ക് എന്നിവയില്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണമേന്മ, ബേക്കറി ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെ വില, മുറിവാടക എന്നിവ അടിസ്ഥാനമാക്കിയാണ് വില കൂടിയിരിക്കുന്നത്. ബേക്കറി ഉല്‍പന്നങ്ങളിലെ അവശ്യ വസ്തുക്കളായ പാം ഓയല്‍, മുട്ട എന്നിവയുടെ വില ഇരട്ടിയിലധികം വര്‍ധിച്ചത്. മാസത്തിനു മുന്‍പ് 1500 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ടിന്‍ പാം ഓയലിന് ഇപ്പോള്‍ 2100 രൂപയോ അതില്‍ അധികമോ നല്‍കണം. 500 രൂപ വരെ വില വര്‍ധനവാണുണ്ടായത്. 3.50 രൂപയ്ക്ക് ലഭിച്ച മുട്ടയ്ക്ക് ഇപ്പോള്‍ അഞ്ചോ അതിലധികമോ വില നല്‍കണം. അഞ്ചു മാസത്തിനിടയില്‍ ഡ്രൈ ഫ്രൂട്ട്‌സ്, മറ്റു അവശ്യ വസ്തുക്കള്‍ക്കും ഇരട്ടി വിലയാണ് കൂടിയത്. ഇതോടെ ബേക്കറി ഉടമകള്‍ക്ക് ഗുണമേന്മയുള്ള ബേക്കറി ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. കേക്കുകളുടെ പെട്ടി, മറ്റു പാക്കിങ് വസ്തുക്കള്‍ക്കും മൊത്ത വിതരണക്കാര്‍ വില കൂട്ടിയതു കൂടുതല്‍ പ്രയാസത്തിലാക്കിയിരിക്കുകയാണ്. 

ഓരോ പ്രദേശത്തും വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ പൊതുവേ കേക്കുകള്‍ കൂടുതല്‍ വില്‍പ്പന നടക്കുന്ന മാസമാണ്. ഇത്തവണത്തെ സീസണ്‍ ബേക്കറി മേഖലയില്‍ വന്‍ നഷ്ടമാണുണ്ടാക്കിയത്. ലോക്ക്ഡൗണ്‍ കാലത്ത് വീടുകളില്‍ കേക്ക് നിര്‍മാണം വര്‍ധിച്ചതും ചെറുകിട ബേക്കറികള്‍ക്ക് വന്‍ ഇടിവാണുണ്ടാക്കിയത്. ബേക്കറി ഉല്‍പന്നങ്ങളുടെയും കേക്കിന്റെയും ഹോം ഡെലിവറി, ഓണ്‍ലൈന്‍ വ്യാപാരം വര്‍ധിച്ചതും വന്‍ വാടക നല്‍കി കച്ചവടമില്ലാതെ ബേക്കറികള്‍ തുറന്നു വയ്‌ക്കേണ്ട അവസ്ഥയിലായി ബേക്കറി ഉടമകള്‍. ദിവസേന അവശ്യവസ്തുക്കളുടെ വില കൂടുകയാണ്. ബേക്കറി മേഖലയില്‍ വില വര്‍ധിപ്പിക്കാതെ അഞ്ചുമാസത്തോളം പിടിച്ചുനിന്നു. ഇത്തവണ 50 ശതമാനത്തോളം ഓര്‍ഡറുകള്‍ ഇല്ലാതായി. ബേക്കറി തൊഴിലാളികളെയും ഉടമകളെയും സര്‍ക്കാര്‍ പിഴിയുകയാണ്. ബേക്കറി ഉല്‍പന്നങ്ങള്‍ക്ക് സബ്‌സിഡിയോ മറ്റോ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അവശ്യ വസ്തുക്കളുടെ വിലയ്ക്ക് അനുസരിച്ചു ബേക്കറി ഉല്‍പന്നങ്ങള്‍ക്ക് വന്‍വില ഈടാക്കുന്നില്ല. ലോക്ക്ഡൗണിനു ശേഷം പൂര്‍വസ്ഥിതിയില്‍ എത്താതെ വന്‍ നഷ്ടത്തിലേക്കാണ് ബേക്കറി മേഖല കടന്നുപോകുന്നത്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait