ഷാങ്ഹായ്: കോവിഡ്- 19ന് കാരണമായ കൊറോണ വൈറസിന്റെ ഉറവിടം ചൈനയിലെ പരീക്ഷണശാലകളാണെന്നതിന് ആധികാരികമായ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഗവേഷക സംഘം. വുഹാനില്‍ ആദ്യം കണ്ടെത്തുകയും പിന്നീട് ആഗോള മഹാമാരിയ്ക്ക് കാരണമാവുകയും ചെയ്ത വൈറസിന്റെ ഉറവിടത്തെ കുറിച്ച് പഠനം നടത്താന്‍ വുഹാനിലെത്തിയ സംഘമാണ് ഇക്കാര്യം അറിയിച്ചത്.
വൈറസിന്റെ ഉറവിടം സംബന്ധിച്ച് പുതിയ സൂചന ലഭിച്ചതായി ജന്തുശാസ്ത്രജ്ഞനും ജന്തുജന്യരോഗ വിദഗ്ധനുമായ പീറ്റര്‍ ഡസ്സാക് പറഞ്ഞു. വൈറസിന്റെ ജനിതക ഘടകങ്ങളെ കുറിച്ച് വവ്വാലുകള്‍ താവളമാക്കിയ ഗുഹകളില്‍ കൂടുതല്‍ ഗവേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്കിയില്ലെങ്കിലും വുഹാനിലെ വൈറസ് ഉറവിടത്തെ കുറിച്ച് പുതിയ സൂചന ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ചൈനയിലെ പരീക്ഷണശാലകളാണ് കോവിഡിന്റെ ഉറവിടമെന്നുള്ള അമേരിക്കയുള്‍പ്പെടെയുള്ള ചില ലോകരാജ്യങ്ങളുടെ ആരോപണം ശക്തമായി തുടരുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ സംഘത്തിന്റെ പുതിയ പഠന ഫലമെന്നത് ശ്രദ്ധേയമാണ്.
2002-2003 കാലത്തെ സാര്‍സ് (SARS) രോഗത്തിന്റെ ഉറവിടത്തെ കുറിച്ച് യുനാന്‍ പ്രവിശ്യയിലെ ഗുഹകളില്‍ പഠനം നടത്തിയ വിദഗ്ധരില്‍ ഡസ്സാക്കും ഉള്‍പ്പെട്ടിരുന്നു. കോവിഡിന്റെ ഉത്ഭവത്തിന് വവ്വാല് പോലെയുള്ള ഏതെങ്കിലും വന്യജീവികളുമായി ബന്ധമുണ്ടാകുമെന്ന് ഡസ്സാക്ക് പറയുന്നു. യഥാര്‍ഥ ഉറവിടം കണ്ടെത്തിയാല്‍ രോഗവ്യാപനത്തിന്റെ സാധ്യത കുറയ്ക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറസിനെ കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം പഠന സംഘത്തിന് ലഭിച്ചതായാണ് ഡസ്സാക് നല്കുന്ന വിവരം. രോഗത്തിന്റെ ആരംഭത്തിന് ചിലപ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുണ്ടാകാമെന്നും ഡസ്സാക് പറയുന്നു.
ലോകാരോഗ്യ സംഘടന നിയോഗിച്ച സംഘം ആശുപത്രികള്‍, ലാബുകള്‍, ആദ്യം കോവിഡ് പൊട്ടിപ്പുറപ്പെട്ട മത്സ്യവിപണന കേന്ദ്രം എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സംഘത്തിന്റെ സന്ദര്‍ശനത്തില്‍ ചൈനീസ് അധികൃതര്‍ വിമുഖത പ്രകടിപ്പിച്ചില്ലെന്ന കാര്യവും ഡസ്സാക് എടുത്തു പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.