ന്യൂസ് ഫീഡുകളില്‍ രാഷ്ട്രീയം കുറയ്ക്കാനൊരുങ്ങി ഫെയ്സ്ബുക്ക്

Published on 28 January 2021 11:55 am IST
×

വാഷിങ്ടണ്‍: രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് നിയന്ത്രണം ഏര്‍പ്പടുത്താനൊരുങ്ങി ഫെയ്സ്ബുക്ക്. രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഉപയോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യില്ലെന്ന് ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചര്‍ച്ചകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിന് കടിഞ്ഞാണിടാന്‍ ഫെയ്സ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ ആഗ്രഹിക്കുകയാണെങ്കില്‍ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും ഭാഗമാകുന്നതിന് സാധിക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. 

ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന ന്യൂസ് ഫീഡുകളില്‍ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കും. ആഗോളതലത്തില്‍ ഈ നയം വിപുലീകരിക്കാനാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം. അനീതിക്കെതിരേ സംസാരിക്കുന്നതിനോ, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനോ ഇത്തരം ചര്‍ച്ചകള്‍ സഹായകമാകാം. എന്നാല്‍ രാഷ്ട്രീയമോ, പോരാട്ടമോ ഞങ്ങളുടെ സേവനങ്ങളില്‍ നിന്ന് ഉപയോക്താക്കളുടെ അനുഭവങ്ങളെ കീഴടക്കുന്നതിനോട് താല്പര്യമില്ലെന്നാണ് ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്ന് ലഭിച്ച പ്രധാന പ്രതികരണം. 

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.എസിലെ ഉപയോക്താക്കള്‍ക്ക് രാഷ്ട്രീയ-സിവിക് ഗ്രൂപ്പുകളെ ശുപാര്‍ശ ചെയ്യുന്നത് ഫെയ്സ്ബുക്ക് അവസാനിപ്പിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോ കാപിറ്റോള്‍ കലാപത്തിന് ഇന്ധനം പകരുന്നതായിരുന്നു എന്ന വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നയം ആഗോളതലത്തില്‍ നടപ്പാക്കാന്‍ ഫെയ്സ്ബുക്കിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait