കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിനിയുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും 

Published on 24 January 2021 11:01 am IST
×

മേപ്പാടി: വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിനി ഷഹാനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ശുചുമുറിയില്‍ പോയി മടങ്ങുമ്പോള്‍ ആനയുടെ ചിഹ്നം വിളികേട്ട് ഓടുമ്പോള്‍ തട്ടിവീഴുകയായിരുന്നു എന്നാണ് അറിയുന്നത്. പിന്നാലെ എത്തിയ ആനയുടെ ചവിട്ടേറ്റാണ് മരണമെന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. ഇടതുകാലിന് പരിക്കുണ്ട്. പ്രത്യക്ഷത്തില്‍ മൃതദേഹത്തില്‍ മറ്റു പരിക്കുകളില്ല. ചെമ്പ്രമലയുടെ താഴ്‌വാരത്ത് ഉള്‍വനത്തോടു ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് അപകടം. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ എത്തിക്കാനും ബുദ്ധിമുട്ടിയിരുന്നു. 8.14ഓടെ മേപ്പാടി സ്വകാര്യാശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഷഹാന മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. ഷഹാനയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. 

ഒരു ഏലത്തോട്ടമാണ് എളമ്പിലേരി എസ്റ്റേറ്റ്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ടെന്റില്‍ താമസിക്കുന്ന സൗകര്യമാണ് റിസോര്‍ട്ട് ഉടമകള്‍ ഒരുക്കിയിരിക്കുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait