പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം ഒന്നാമത് 

Published on 24 January 2021 10:49 am IST
×

തിരുവനന്തപുരം: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം ഒന്നാമത്. നാലുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിലാണ്. ഏറ്റവും കൂടുതല്‍പ്പേര്‍ക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയില്‍ ഇപ്പോള്‍ പ്രതിദിന രോഗികള്‍ മൂവായിരത്തില്‍ താഴെയെത്തിയിട്ടുണ്ട്. 

ആകെ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ദേശീയതലത്തില്‍ കേരളം നാലാമതാണ്. മഹാരാഷ്ട്ര (20,03,657), കര്‍ണാടക (9,34,576), ആന്ധ്രാപ്രദേശ് (8,86,694) സംസ്ഥാനങ്ങളാണ് കേരളത്തിനു മുകളില്‍. കേരളത്തിലിത് വെള്ളിയാഴ്ച 8,77,282 ആണ്. പരിശോധന നടത്തുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് ഒരുഘട്ടത്തില്‍ ഒമ്പതുശതമാനത്തില്‍ താഴെ എത്തിയിരുന്നെങ്കിലും വെള്ളിയാഴ്ചയോടെ അത് 11.63 ശതമാനമായി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇടമുറിയാത്ത ഒറ്റ നഗരമെന്നപോലെ സംസ്ഥാനത്തെ ജനജീവിതം മാറിയതും ഉയര്‍ന്ന ജനസാന്ദ്രതയും രോഗവ്യാപന സാധ്യത ഉയര്‍ത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കാന്‍ കാരണവും ഇതാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍പ്പേര്‍ പരിശോധനയ്ക്ക് വിധേയരാകുന്നത് മറ്റൊരു കാരണമാണ്. 

രോഗമുക്തരാവുന്നവരുടെ നിരക്ക് ഇപ്പോള്‍ 91.54 ശതമാനമാണ്. മരണനിരക്ക് 0.41 ശതമാനത്തില്‍ നിര്‍ത്താനാകുന്നുണ്ട്. ദേശീയതലത്തില്‍ മരണനിരക്ക് 1.5 ശതമാനത്തോളമാണ്. രാജ്യത്ത് വെള്ളിയാഴ്ച വരെ 1,53,221 പേര്‍ മരിച്ചപ്പോള്‍ കേരളത്തില്‍ 3565 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്ര (50,684), കര്‍ണാടക (12,190), തമിഴ്നാട് (12,307), ഡല്‍ഹി (10,789), പശ്ചിമബംഗാള്‍ (10,097) സംസ്ഥാനങ്ങളിലാണ് കൂടുതല്‍പ്പേര്‍ മരിച്ചത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait