ജില്ലയില്‍ നല്‍കിയത് 30ലക്ഷത്തിലേറെ സൗജന്യ ഭക്ഷ്യകിറ്റുകള്‍

Published on 23 January 2021 8:03 pm IST
×

കണ്ണൂര്‍: കൊവിഡ് മഹാമാരിയും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയകറ്റാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജില്ലയില്‍ മാത്രം വിതരണം ചെയ്തത് 3241909 ഭക്ഷ്യകിറ്റുകള്‍. കൊവിഡ് രോഗബാധയില്‍ ജനജീവിതം സ്തംഭിച്ചപ്പോള്‍ ആരും പട്ടിണി കിടക്കരുതെന്ന നിര്‍ബന്ധമായിരുന്നു സര്‍ക്കാരിന്. പൊതുവിതരണ വകുപ്പും ജീവനക്കാരും ഉത്സാഹിച്ചതോടെ സര്‍ക്കാരിന്റെ നിര്‍ബന്ധം യാഥാര്‍ഥ്യമായി.

ജില്ലയില്‍ 35651 എ.എ.വൈ (മഞ്ഞ), 169460 പി.എച്ച്.എച്ച് (പിങ്ക്), 211021 എന്‍.പി.എന്‍.എസ് (നീല), 220736 എന്‍.പി.എസ് (വെള്ള) വിഭാഗങ്ങളിലായി മൊത്തം 636868 റേഷന്‍ കാര്‍ഡുകളാണുള്ളത്. ആകെ 2735169 പേരാണ് റേഷന്‍ ആനുകൂല്യത്തിന് അര്‍ഹര്‍തയുള്ളവര്‍. കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി, ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസുകള്‍ക്ക് കീഴിലായി കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 3241909 കിറ്റുകളാണ് നല്‍കിയത്. ലോക്ഡൗണ്‍ ഘട്ടത്തില്‍ കൊവിഡ് സ്‌പെഷ്യല്‍ കിറ്റ് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ മുഴുവന്‍ വീടുകളിലും എത്തിച്ചു. റേഷന്‍ കാര്‍ഡില്ലാത്ത രണ്ടായിരത്തോളം പേര്‍ക്കും ഭക്ഷ്യകിറ്റ് ലഭ്യമാക്കി. എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 15 കി.ഗ്രാം അരിയും നല്‍കി.

ലോക്ഡൗണ്‍ കാലത്ത് സ്വന്തം നാട്ടില്‍ പോവാന്‍ സാധിക്കാതെ ജില്ലയില്‍ കുടുങ്ങിയ നിരവധി അതിഥി തൊഴിലാളികള്‍ക്കും മുടങ്ങാതെ ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ തൊഴിലാളികളുടെ താമസസ്ഥലത്ത് അരി, ആട്ട ഉള്‍പ്പെടെയുള്ളവയും ആറായിരത്തോളം പേര്‍ക്ക് ഓണകിറ്റും എത്തിച്ചു. സര്‍ക്കാര്‍ അംഗീകാരമുള്ളതും ഇല്ലാത്തതുമായ അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 2863 സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കി. നാലുപേര്‍ക്ക് ഒരു കിറ്റ് എന്ന നിലയ്ക്കാണ് ഇവിടങ്ങളില്‍ കിറ്റുകള്‍ വിതരണം ചെയ്തത്. അയ്യായിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഇതുവരെ കിറ്റുകള്‍ നല്‍കി. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ലെങ്കിലും സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കി വന്നിരുന്ന അരിയും മുടങ്ങിയില്ല. രണ്ട് ഘട്ടങ്ങളിലായി മൂന്നുലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്കാണ് ജില്ലയില്‍ അരി നല്‍കിയത്.

പഞ്ചസാര, ഉഴുന്ന്, തുവരപ്പരിപ്പ്, ആട്ട അല്ലെങ്കില്‍ ഗോതമ്പ് നുറുക്ക്, ചെറുപയര്‍, കടല തുടങ്ങിയ ധാന്യങ്ങളും വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ സാധനങ്ങളുമാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇവയുടെ പാക്കിങ്ങും വിതരണവും കണ്ണൂര്‍, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിലെ സപ്ലൈകോ കേന്ദ്രങ്ങളിലാണ് നടന്നത്. സപ്ലൈകോ ജീവനക്കാരുടെ പൂര്‍ണ ചുമതലയിലായിരുന്നു ഇത്. ആദ്യഘട്ടങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ഉറപ്പാക്കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait