ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: പൂക്കോയ തങ്ങളെയും മകനെയും കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടിസ്

Published on 23 January 2021 4:17 pm IST
×

കോഴിക്കോട്: കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാത്ത ടി.കെ പൂക്കോയ തങ്ങള്‍, മകന്‍ എ.പി ഇഷാം എന്നിവരെ കണ്ടെത്താന്‍ ഇ.ഡി ലുക്കൗട്ട് നോട്ടിസിറക്കും. ഇരുവരും സ്ഥലത്തില്ലെന്നറിയിച്ച് നോട്ടിസ് മടങ്ങിയതിന് പിന്നാലെയാണ് ഇ.ഡി ലുക്കൗട്ട് നോട്ടിസിറക്കാന്‍ തീരുമാനിച്ചത്. 

22 ഡയറക്ടര്‍മാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇതുവരെ രണ്ടുപേരാണ് കോഴിക്കോട് ഇ.ഡി ഓഫിസില്‍ ഹാജരായത്. മാനേജിങ് ഡയറക്ടറായിരുന്ന പൂക്കോയ തങ്ങളെ ചോദ്യം ചെയ്താല്‍ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ എന്ന നിഗമനത്തിലാണ് ഇ.ഡി. പയ്യന്നൂര്‍ ശാഖാ മാനേജരായിരുന്ന മകന്‍ എ.പി ഇഷാമിന്റെ പങ്കും വലുതാണ്. ചോദ്യം ചെയ്യലിന് ഹാജരായ ഡയറക്ടര്‍മാരായ പി.അഷ്‌റഫ്, പി.കുഞ്ഞബ്ദുള്ള എന്നിവരുടെ മൊഴിയില്‍ ഇരുവര്‍ക്കുമെതിരേ ഗുരുതര പരാതിയുണ്ട്. എം.സി കമറുദ്ദീന്‍ എം.എല്‍.എ, പൂക്കോയ തങ്ങള്‍, ഇഷാം എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു കാര്യങ്ങള്‍. ഡയറക്ടര്‍മാരെന്നത് കടലാസിലെ പദവി മാത്രമായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കി. 

2007 മുതല്‍ 2019 വരെ ഡയറക്ടറായിരുന്ന അഷ്‌റഫ് 11 ലക്ഷമാണ് നിക്ഷേപിച്ചിരുന്നത്. ലാഭവിഹിതമായി പത്ത് ലക്ഷത്തോളം തിരികെ ലഭിച്ചു. കുഞ്ഞബ്ദുള്ളയുടെയും നിക്ഷേപത്തിന്റെ പകുതിയിലധികം ലാഭവിഹിതമായി തിരികെ കിട്ടിയിട്ടുണ്ട്. എന്നാല്‍ മറ്റു പലരെയും നിക്ഷേപത്തിന് പ്രേരിപ്പിച്ച് വെട്ടിലായതിന്റെ പ്രതിസന്ധിയിലാണ് ഇരുവരും. 

നോട്ടിസ് കൈപ്പറ്റിയ എട്ട് ഡയറക്ടര്‍മാര്‍ കൂടി ചോദ്യം ചെയ്യലിന് എത്തേണ്ടതുണ്ടെങ്കിലും പലരും ഇ.ഡിക്ക് മുന്നിലെത്താനുള്ള സാധ്യത കുറവാണ്. ഒളിച്ചുകഴിയുന്ന മറ്റുള്ളവരെ വേഗം അന്വേഷണ പരിധിയിലെത്തിക്കുന്നതിനാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ നോട്ടിസുമായി നേരിട്ടിറങ്ങാന്‍ തീരുമാനിച്ചത്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനും പൂക്കോയ തങ്ങളെയും മകനെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസിറക്കുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait