കാസര്‍കോട്: കാസര്‍കോട് പട്ടാപകല്‍ ആള്‍ക്കൂട്ടത്തിന്റെ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ കാസര്‍കോട് കിംസ്-അരമന ആശുപത്രിക്ക് സമീപമാണ് സംഭവം.
ചിലരുമായി റഫീഖ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പറയുന്നു. ഇതിനുശേഷം കിംസ് ആശുപത്രി ബസ് സ്റ്റോപ്പിനടുത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് വാങ്ങുന്നതിനിടെ ചിലരെത്തി റഫീഖിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കിംസ്-അരമന ആശുപത്രിക്കടുത്തെ ഹെല്‍ത്ത് മാളിനടുത്താണ് റഫീഖ് വീണുകിടന്നത്. ബോധരഹിതനായ ഇയാളെ ഉടനെ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബൈക്കില്‍ പോകുകയായിരുന്ന രണ്ട് പോലിസുകള്‍ റഫീഖിനെ മര്‍ദ്ദിക്കുന്നത് കണ്ടെങ്കിലും എന്താണ് പ്രശ്നമെന്ന് അന്വേഷിക്കാതെ ബൈക് നിര്‍ത്താതെ പോകുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ ആരോപിക്കുന്നു. എന്നാല്‍ പോലിസ് ഇത് നിഷേധിക്കുകയാണ് ചെയ്തത്.
കൊലപാതക വിവരമറിഞ്ഞ് കാസര്‍കോട് ഡിവൈ.എസ്.പി പി.ബാലകൃഷ്ണന് നായര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമി സംഘത്തെ കണ്ടെത്താന്‍ സി.സി.ടി.വിയടക്കം പോലിസ് പരിശോധിക്കുന്നുണ്ട്. റഫീഖിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.