സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി

പ്രതിപക്ഷം പ്രമേയത്തെ ശക്തമായി എതിര്‍ത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രമേയം പിന്‍വലിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. 
Published on 22 January 2021 1:10 pm IST
×

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി. സി.എ.ജി റിപ്പോര്‍ട്ടിനെതിരായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയമാണ് പാസ്സാക്കിയത്. കിഫ്ബിയുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സി.എ.ജി നിഗമനം തെറ്റായതാണെന്നും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ തയ്യാറാക്കിയതാണെന്നും പ്രമേയത്തില്‍ പറയുന്നു. സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് രാഷ്ട്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണല്‍ സമീപനത്തിന്റേയും ലംഘനമാണെന്ന് പ്രമേയത്തില്‍ പറയുന്നു. സി.എ.ജി റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുള്ള പേജില്‍ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങളും എക്‌സിക്യൂട്ടീവ് സമ്മറിയില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ പറയുന്നു. 

അതേസമയം, പ്രതിപക്ഷം പ്രമേയത്തെ ശക്തമായി എതിര്‍ത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രമേയം പിന്‍വലിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പോലും വിമര്‍ശനങ്ങളെ സഭാസമിതിക്ക് വിട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. നിയമസഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പ്രമേയത്തില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും വി.ഡി സതീശന്‍ പറഞ്ഞു.

എം.എല്‍.എമാരായ വീണ ജോര്‍ജ്ജ്, ജയിംസ് മാത്യു, എം.സ്വരാജ്, ധനമന്ത്രി തോമസ് ഐസക്ക് തുടങ്ങിയ ഭരണപക്ഷ എം.എല്‍.എമാര്‍ പ്രമയത്തെ അനുകൂലിച്ചു സംസാരിച്ചു. വിശദമായ ചര്‍ച്ചയ്ക്കുശേഷം പ്രമേയം സഭ പാസ്സാക്കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait