കോവിഡ്: നിയന്ത്രണം ശക്തമാക്കി വീണ്ടും സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍

Published on 19 January 2021 3:34 pm IST
×

പയ്യന്നൂര്‍: കോവിഡ് വ്യാപനം കൂടിയതോടെ ജില്ലയില്‍ പരിശോധന ശക്തമാക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകളുടെ എണ്ണം ജില്ലയില്‍ ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കാന്‍ നടപടികളുമായി സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ രംഗത്തെത്തിയത്. 

പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പരിശോധനകളിലുമുണ്ടായ ജാഗ്രത കുറവ് വിമര്‍ശന വിധേയമായതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നഗരത്തിലും മറ്റും വീണ്ടും പരിശോധന നടത്തിവരികയാണ്. പയ്യന്നൂര്‍ താലൂക്ക് പരിധിയില്‍ മൂന്ന് സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി താലൂക്ക് പരിധിയില്‍ നടത്തിയ പരിശോനയില്‍ 275 കേസുകള്‍ പിടികൂടി. 22 പേരില്‍ നിന്നും പിഴ ഈടാക്കി. നഗരസഭക്ക് പുറമെ താലൂക്കിലെ എല്ലാ പഞ്ചായത്തുകളുടേയും ചുമതല ഇനിമുതല്‍ ഈ ഉദ്യോഗസ്ഥര്‍ക്കാണ്. നിയമസഭ തെരഞ്ഞെടുപ്പു കൂടി മുന്നില്‍കണ്ട് മാര്‍ച്ച് 31 വരെയാണ് ഈ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് ചുമതല നല്‍കിയിരിക്കുന്നത്. മാസ്‌ക് ധരിക്കാതിരിക്കല്‍, പൊതുസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാതിരിക്കല്‍, പൊതുസ്ഥലങ്ങളിലെ നിയമവിരുദ്ധ കൂട്ടംചേരല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കല്‍ തുടങ്ങിയ പെരുമാറ്റച്ചട്ട ലംഘനങ്ങളിലാണ് ഇനി നടപടി സ്വീകരിക്കുക. സര്‍ക്കാരിന്റെ നിയന്ത്രണങ്ങളിലൊതുങ്ങി കൊവിഡിനെ ചെറുക്കാനായി നാട്ടുകാര്‍ പരമാവധി പരിശ്രമിക്കുന്നതിനിടയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം ആശങ്കാജനകമാണ്. 

കൊവിഡ് വ്യാപനത്തിനിടയില്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചുവരാന്‍ തുടങ്ങിയതും ഇവര്‍ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നതുമാണ് ജനങ്ങളില്‍ ആശങ്കയുണര്‍ത്തിയത്. ആള്‍ക്കൂട്ടംരൂപപ്പെടാനിടയാക്കിയ സമീപ നാളുകളിലെ ചില പരിപാടികളും കൊവിഡ് വ്യാപനത്തിനിടയാക്കിയിരുന്നു.കൊവിഡുമായി ബന്ധപ്പെട്ട സമ്പര്‍ക്ക പട്ടികയും മറ്റു നടപടികളുമായി കഴിഞ്ഞിരുന്ന പോലിസ് ഉദ്യോഗസ്ഥരെ വീണ്ടും സ്റ്റേഷന്‍ ഡ്യൂട്ടിയിലേക്ക് മാറ്റിയതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait