കോവിഡും ജലദോഷം പോലെ സീസണലായി അവശേഷിക്കുമെന്ന് പഠനം 

Published on 13 January 2021 8:55 pm IST
×

ന്യൂയോര്‍ക്ക്: കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസ് മനുഷ്യരില്‍ സാധാരണയായി കാണുന്ന ജലദോഷത്തിന് കാരണമാകുന്ന കൊറോണ വൈറസുകളോട് സാമ്യമുള്ളതായി തീരുമെന്ന് പഠനം. ഇത് പകര്‍ച്ചവ്യാധിയാവുകയും മിക്ക ആളുകളും കുട്ടിക്കാലത്ത് വൈറസിനെ അഭിമുഖീകരിക്കുകയും ചെയ്യുന്ന അവസ്ഥയെത്തുമ്പോഴാണ് ഇത്തരമൊരു സാധ്യതയുള്ളത്. സയന്‍സ് ജേണലില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

സാധാരണ ജലദോഷമുണ്ടാക്കുന്ന നാല് തരം കൊറോണ വൈറസുകളിലും കോവിഡ് 19ന് കാരണമായ സാര്‍സ് കോവിലും നടത്തിയ ഗവേഷണത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു അനുമാനത്തിലെത്തിച്ചേര്‍ന്നത്. വൈറസുകളുടെ രോഗ പ്രതിരോധശേഷി, പകര്‍ച്ചവ്യാധി സാധ്യത എന്നിവയുടെ വിവരങ്ങള്‍ വിശകലനം ചെയ്തതിലൂടെ സാധാരണ ജനങ്ങളില്‍ സാര്‍സ് കോവ് 2 വൈറസ് വ്യാപിക്കുമ്പോള്‍ അതിന്റെ മുന്നോട്ടുപോക്ക് എങ്ങനെയാകുമെന്ന് പ്രവചിക്കാനുള്ള ഒരു മാതൃക വികസിപ്പിക്കാന്‍ ഗവേഷകര്‍ക്കായി. ജലദോഷത്തിന് കാരണമാകുന്ന നാല് കൊറോണ വൈറസുകള്‍ വളരെക്കാലമായി മനുഷ്യരില്‍ വ്യാപിക്കുന്നുണ്ടെന്നും മിക്കവാറും എല്ലാവരും ചെറുപ്പത്തില്‍ തന്നെ രോഗബാധിതരാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

'കുട്ടിക്കാലത്തെ സ്വാഭാവിക അണുബാധ രോഗപ്രതിരോധ ശേഷി നല്‍കുകയും ഇത് പില്‍ക്കാലത്ത് ആളുകളെ കടുത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. പക്ഷേ, പിന്നീടും രോഗം വരുന്നതിനെ ഇത് തടയുന്നില്ല'. പഠനത്തില്‍ പങ്കാളിയായ എമോറി സര്‍വകലാശാലയിലെ ജെന്നി ലാവിന്‍ പറഞ്ഞു. മൂന്നു മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ കുട്ടിക്കാല രോഗമായി സാര്‍സ് കോവ് 2വും മാറുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പ്രായമായവര്‍ക്ക് അപ്പോഴും രോഗം ബാധിക്കാം, പക്ഷേ, കുട്ടിക്കാലത്ത് അവര്‍ക്കുണ്ടായ അണുബാധ കഠിനമായ രോഗങ്ങളില്‍ നിന്ന് രോഗപ്രതിരോധ സംരക്ഷണം നല്‍കുമെന്നും ഗവേഷകര്‍ പറയുന്നു. കോവിഡ് വാക്സിന്‍ ആളുകളിലുണ്ടാക്കുന്ന രോഗപ്രതിരോധ ശേഷിയെയും വൈറസ് എത്ര വേഗത്തില്‍ പടരുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും ഈ മാറ്റം.

വാക്സിനുകള്‍ ഹ്രസ്വകാല സംരക്ഷണം നല്‍കുകയും രോഗത്തിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുമ്പോള്‍ മറ്റ് സാധാരണ കൊറോണ വൈറസുകളെപ്പോലെ, സാര്‍സ് കോവ് 2വും പ്രാദേശികമായ പകര്‍ച്ചവ്യാധിയായി തീരുമെന്നും പഠനം സൂചിപ്പിക്കുന്നു. കോവിഡ് 19ന് കാരണമായ സാര്‍സ് കോവ് 2 അണുബാധ മൂലമുള്ള മരണം മറ്റ് സീസണല്‍ രോഗങ്ങളേക്കാള്‍ താഴെയാകുമെന്നും (.01%) പഠനം പറയുന്നു. 

കോവിഡിനെതിരായ സുരക്ഷിതവും ഫലപ്രദവുമായ വാക്സിന്‍ ആദ്യവര്‍ഷങ്ങളില്‍ ലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കുമെങ്കിലും സാര്‍സ് കോവ് 2 പ്രാദേശികമായ പകര്‍ച്ചവ്യാധി മാത്രമായി അവശേഷിച്ചാല്‍ തുടര്‍ച്ചയായുള്ള കുത്തിവയപ്പിന്റെ ആവശ്യം വരില്ലെന്നും ഗവേഷകര്‍ പറയുന്നു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait