ആറളം ഫാമിനെ വിടാതെ കാട്ടാനക്കൂട്ടം; അങ്കണവാടിയുടെ ചുറ്റുമതിലും കര്‍ഷിക വിളകളും നശിപ്പിച്ചു

Published on 13 January 2021 4:58 pm IST
×

ഇരിട്ടി: ആറളം ഫാമില്‍ ഭീതി വിതച്ച് സംഹാര താണ്ഡവമാടുന്ന കാട്ടാനക്കൂട്ടങ്ങളുടെ ആക്രമങ്ങള്‍ക്കും കാര്‍ഷിക വിള നശിപ്പിക്കലിനും ശമനമില്ല. ഇന്നലെ ഏഴാം ബ്ലോക്കിലെ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം ബ്ലോക്കിലെ അങ്കണവാടിയുടെ ചുറ്റുമതില്‍ തകര്‍ക്കുകയും അങ്കണവാടി വളപ്പില്‍ കൃഷി ചെയ്ത കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും നശിപ്പിക്കുകയും ചെയ്തു.
നിരവധി മനുഷ്യ ജീവനുകള്‍ പൊലിഞ്ഞിട്ടും ആറളം ഫാമിലെ കാര്‍ഷികമേഖല കാട്ടാന വിളയാട്ടത്തില്‍ തകര്‍ന്നടിഞ്ഞിട്ടും കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കാതെ വനംവകുപ്പ് അധികൃതര്‍ ഇരുട്ടില്‍ തപ്പുകയാണ്. ഒരു മാസത്തിലധികമായി ആറളം കാര്‍ഷിക ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും നാശം വിതയ്ക്കുന്ന കാട്ടാനക്കൂട്ടം ഫാം ആശുപത്രിയോടും, നിര്‍മ്മാണത്തിലിരിക്കുന്ന ട്രൈബല്‍ ഹോസ്റ്റലിനോടും ചേര്‍ന്നുള്ള അങ്കണവാടി കെട്ടിടത്തിന്റെ 15 മീറ്റര്‍ നീളത്തിലുള്ള ചുറ്റുമതില്‍ തകര്‍ത്ത് അകത്തുകടന്നാണ് വളപ്പില്‍ നട്ടിരുന്ന വാഴ, കപ്പ തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. രാപ്പകല്‍ ഇടതടവില്ലാതെ ഫാം തൊഴിലാളികള്‍ക്കും അന്തേവാസികള്‍ക്കും ഭീഷണിയാകുന്ന കാട്ടാനശല്യം പരിഹരിക്കാന്‍ ഫലപ്രദമായ ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതില്‍ വലിയ പ്രതിഷേധമാണ് മേഖലയില്‍ ഉയര്‍ന്നുവരുന്നത്. സ്‌കൂളുകള്‍ തുറന്നതോടെ കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും രക്ഷിതാക്കള്‍ക്ക് ഭയമാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait