കൂത്തുപറമ്പ് പീഡനം: ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച

Published on 13 January 2021 2:48 pm IST
×

കണ്ണൂര്‍: പോറ്റി വളര്‍ത്താന്‍ സര്‍ക്കാരില്‍ നിന്നും സ്വീകരിച്ച പെണ്‍കുട്ടിയെ കണ്ണൂരില്‍ അറുപതുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മുന്‍ ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച. തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ചയാള്‍ക്ക് യാതൊരു പരിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമ സമിതി 14കാരിയെ കൈമാറിയത്. നേരത്തെ രണ്ട് വിവാഹം ചെയ്തതും അതില്‍ കുട്ടികളുള്ള കാര്യവും മറച്ചുവച്ച് വിമുക്തഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സി.ജി ശശികുമാര്‍ കൂത്തുപറമ്പില്‍ താമസിച്ചിരുന്നത്. 2017ല്‍ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതും ഗര്‍ഭം അലസിപ്പിച്ചതുമെല്ലാം മൂന്ന് വര്‍ഷമിപ്പുറം സഹോദരി വെളിപ്പെടുത്തുമ്പോള്‍ മാത്രമാണ് ശിശുക്ഷേമ സമിതി അറിയുന്നത്.

പോറ്റിവളര്‍ത്താന്‍ ശിശുക്ഷേമ സമിതിയില്‍ നിന്നും സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കേസില്‍ കൂത്തുപറമ്പ് സ്വദേശി സി.ജി ശശികുമാര്‍ അറസ്റ്റിലായത് കഴിഞ്ഞ ശനിയാഴ്ചയാണ്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് ഇയാളുടെ ഭാര്യ പിടിയിലായി. മാതാപിതാക്കള്‍ മരിച്ച 14 വയസുള്ള പെണ്‍കുട്ടിയെ കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും 2016ലാണ് പ്രതി വളര്‍ത്താന്‍ കൊണ്ടുപോകുന്നത്. കഴിഞ്ഞമാസം കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിങ് ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഈ വീട്ടിലേക്ക് വെക്കേഷന് ചെന്നപ്പോള്‍ തന്നെയും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കൂത്തുപറമ്പ് പോലിസിന് കിട്ടിയത്. മൂന്ന് വര്‍ഷം പ്രതിയുടെ വീട്ടില്‍ കഴിഞ്ഞ കുട്ടി 2017ല്‍ ഗര്‍ഭിണി ആയിരുന്നു. പ്രതി ആരുമറിയാതെ ഗര്‍ഭം അലസിപ്പിച്ചു. വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ട്.

ശുശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് കുടുംബ അന്തരീക്ഷവും മെച്ചപ്പെട്ട പരിചരണം കിട്ടാനുമാണ് ചെറിയ കാലയളവിലേക്ക് പോറ്റിവളര്‍ത്താന്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി. ഇങ്ങനെ നല്‍കുമ്പോള്‍ കുട്ടിയെ വളര്‍ത്താന്‍ ഏറ്റെടുക്കുന്ന കുടുംബത്തെ കുറിച്ച് വിശദമായ അന്വേഷണം അതാത് ജില്ലകളിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നടത്തണം. ഈ കുട്ടിയെ നല്‍കുമ്പോള്‍ കാര്യക്ഷമമായ അന്വേഷണങ്ങളൊന്നും നടന്നില്ല. നാടക പ്രവര്‍ത്തകനായിരുന്ന ഇരിട്ടി സ്വദേശിയായ ശശികുമാര്‍ വിമുക്തഭടന്‍ എന്ന് കള്ളം പറഞ്ഞാണ് കൂത്തുപറമ്പിനടുത്തുള്ള കണ്ടംകുന്നില്‍ എട്ടുവര്‍ഷം മുമ്പ് താമസം തുടങ്ങിയത്. നേരത്തെ രണ്ടുതവണ കല്യാണം കഴിച്ചത് മറച്ചുവച്ചാണ് ഇയാള്‍ മൂന്നാമതും വിവാഹം കഴിച്ചത്. ആദ്യത്തെ ബന്ധത്തില്‍ കുട്ടികളുള്ള കാര്യവും ഇയാള്‍ മറച്ചുവച്ചു. ഭാര്യയെയും കുട്ടിയെയും ഇയാള്‍ മദ്യപിച്ചെത്തി മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നു. സംരക്ഷണയില്‍ വിട്ടുനല്‍കുന്ന കുട്ടിക്ക് എല്ലാ മാസവും കൗണ്‍സിലിംഗ് നല്‍കണമെന്ന നിയമം ഇവിടെ നടപ്പായില്ല.

2012-14 കാലയളവില്‍ എറണാകുളത്ത് നിന്നും കോഴിക്കോട്ട് നിന്നും സമാനമായി രണ്ട് പെണ്‍കുട്ടികളെ സ്വീകരിച്ചിരുന്ന കാര്യവും കണ്ണൂരിലെ ശിശുക്ഷേമ സമിതിക്ക് അറിയില്ല. 2017ല്‍ ഈ കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷവും മറ്റൊരു പെണ്‍കുട്ടിയെ പോറ്റിവളര്‍ത്താന്‍ താത്പര്യമുണ്ടെന്ന് കാട്ടി ഇയാള്‍ ശിശുക്ഷേമ സമിതിക്ക് അപേക്ഷ നല്‍കിയിരുന്നു എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait