പയ്യന്നൂരില്‍ ഭാര്യ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Published on 13 January 2021 2:20 pm IST
×

പയ്യന്നൂര്‍: ഭാര്യയായ നഴ്‌സിനെ വാടക ക്വാട്ടേര്‍സില്‍തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍  ഭര്‍ത്താവ് അറസ്റ്റില്‍. പയ്യന്നൂര്‍ അന്നൂര്‍ പടിഞ്ഞാറേക്കരയിലെ കാവിലെ വളപ്പില്‍ അശ്വിനെ (23) നെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ രത്‌നകുമാര്‍ അറസ്റ്റു ചെയ്തത്. 

പയ്യന്നൂരിലെആശുപത്രിയില്‍ നഴ്‌സായിരുന്ന കാനായികാനം സ്വദേശി കെ.എസ് അനുമോള്‍ (23) കേളോത്തെ വാടക ക്വാട്ടേര്‍സില്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. പ്രണയത്തിലായിരുന്ന ഇരുവരും പിലിക്കോട് കാലിക്കടവിലെ ക്ഷേത്രത്തില്‍ വച്ച് വിവാഹം ചെയ്ത് അശ്വിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. പിന്നീട് കേളോത്തെ വാടക ക്വാട്ടേര്‍സിലേക്ക് താമസം മാറുകയായിരുന്നു. രണ്ടുമാസത്തെ താമസത്തിനിടയില്‍ ഭര്‍ത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനം മൂലമുണ്ടായ മനോവിഷമത്താല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് പെണ്‍കുട്ടി ക്വാട്ടേര്‍സില്‍ തൂങ്ങിമരിക്കുകയായിരുന്നു. തലേദിവസം സ്ഥലത്തില്ലായിരുന്ന അശ്വിന്‍ രാവിലെ ക്വാട്ടേര്‍സില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്. ചെറിയ കാലത്തെ ദാമ്പത്യ ബന്ധത്തിനിടെ യുവതി മരണപ്പെട്ടതിനാല്‍ കേസെടുത്ത പയ്യന്നൂര്‍ പോലിസ് അന്വേഷണം ഡിവൈ.എസ്.പിക്ക് കൈമാറുകയായിരുന്നു. 

എസ്.ഐ എന്‍.കെ ഗിരീഷ്, എ.എസ്.ഐ കെ.സത്യന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സുരേഷ് കക്കറ എന്നിവര്‍ ഇന്ന് രാവിലെ പയ്യന്നൂരിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കാനായി കാനത്തെ സതീശന്റെയും രാധയുടെയും മകളാണ് മരണപ്പെട്ട കെ.എസ്.അനുമോള്‍. സുസ്മിത ഏക സഹോദരിയാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait