കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് പഠിക്കാന്‍ ഡബ്ല്യു.എച്ച്.ഒ സംഘം വുഹാന്‍ സന്ദര്‍ശിക്കും

Published on 12 January 2021 9:38 pm IST
×

ബീജിങ്: കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തും. വ്യാഴാഴ്ച സംഘം വുഹാനിലെത്തുമെന്ന് ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. 

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാന്‍ സന്ദര്‍ശനം നടത്തുകയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. കൊറോണ വൈറസ് മനുഷ്യരിലേയ്ക്ക് വ്യാപിക്കാന്‍ ഇടയായ സാഹചര്യം പരിശോധിക്കുമെന്നും വുഹാനില്‍ ആദ്യഘട്ടത്തില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ട ഉറവിടം ഏതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ആദ്യം നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

വുഹാനില്‍ കൊറോണ വൈറസ് കണ്ടെത്തിയിട്ട് ഒരുവര്‍ഷം പിന്നിട്ടിട്ടും ഇതുവരെ വിദഗ്ധര്‍ക്ക് സ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചിരുന്നില്ല. സന്ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത് ചൈന വൈകിപ്പിക്കുന്നതില്‍ ടെഡ്രോസ് അഥാനോം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം സംബന്ധിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന ആവശ്യങ്ങള്‍ തള്ളുകയും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പരിശോധനകള്‍ തടയുകയുമാണ് ചൈന ഇതുവരെ ചെയ്തിരുന്നത്. മാത്രമല്ല, കൊറോണ വൈറസ് ചൈനയ്ക്ക് പുറത്തു നിന്നെത്തിയതാണെന്ന വാദവും ചൈന ഉന്നയിച്ചിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait