കൊവിഡ്; കേരളത്തിലെ ബ്യൂറോക്രസി കാഴ്ചവച്ചത് മികച്ച പ്രവര്‍ത്തനങ്ങള്‍: യതീഷ് ചന്ദ്ര

Published on 12 January 2021 8:32 pm IST
×

കണ്ണൂര്‍: കൊവിഡ് ഉള്‍പ്പെടെയുള്ള ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതില്‍ കേരളത്തിലെ ഉദ്യോഗസ്ഥ സമൂഹം കാഴ്ചവച്ചത് മികച്ചതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാണെന്ന് മുന്‍ ജില്ലാ പോലിസ് മേധാവി ജി.എച്ച് യതീഷ് ചന്ദ്ര അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാര്യക്ഷതയുടെ കാര്യത്തില്‍ ഏറെ മുന്‍പന്തിയിലാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ മറ്റാരെക്കാളും സജീവമായി മുന്നിട്ടിറങ്ങിയതും അവര്‍ തന്നെയാണ്. ദുരന്തഘട്ടങ്ങളില്‍ പലപ്പോഴും പ്രവര്‍ത്തന രംഗത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രമേ ഉണ്ടാകാറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നടപടികളെടുക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും പ്രയാസകരമായ അനുഭവങ്ങളുണ്ടായിട്ടുവാം. അത് അസാധാരണ ഘട്ടങ്ങളിലെ അനിവാര്യതയായി മാത്രം കണ്ടാല്‍ മതി. കൊവിഡ് കാലത്ത് എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഒറ്റ വകുപ്പായാണ് പ്രവര്‍ത്തിച്ചത്. മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ വലിയ വിജയം വരിക്കാന്‍ നമുക്ക് സാധിച്ചതും അതുകൊണ്ടാണ്. നല്ല കുറേ ഓര്‍മകളുമായാണ് താന്‍ ജില്ല വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിലും പ്രൊഫഷനല്‍ പോലിസിംഗിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് എസ്.പിയായിരിക്കെ യതീഷ് ചന്ദ്ര കാഴ്ചവച്ചതെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അഭിപ്രായപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പ് ജില്ലയില്‍ സമാധാനപരമാക്കുന്നതിലും കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പില്‍ വരുത്തുന്നതിലും യതീഷ് ചന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തലശേരി സബ് കലക്ടര്‍ അനുകുമാരി, ഡി.ഡി.സി സ്നേഹില്‍ കുമാര്‍ സിംഗ്, എ.ഡി.എം ഇ.പി മേഴ്സി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. പ്രീത, തളിപ്പറമ്പ് ആര്‍.ഡി.ഒ സൈമണ്‍ ഫെര്‍ണാണ്ടസ്, ആര്‍.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ശിരസ്താദര്‍ ടി പ്രേംരാജ് എന്നിവര്‍ സംസാരിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait