ബലാത്സംഗ കേസില്‍ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി അപേക്ഷ നല്‍കി

Published on 12 January 2021 8:09 pm IST
×

മുംബൈ: ബലാത്സംഗ കേസില്‍ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി കോടതിയെ സമീപിച്ചു. ബിനോയിയുടെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ കോടതി പരാതിക്കാരിക്ക് നോട്ടിസ് അയച്ചു.

താനിപ്പോള്‍ വിദേശത്താണുള്ളതെന്നും അതുകൊണ്ട് വിചാരണ നീട്ടണമെന്നുമാണ് ബിനോയ് കോടിയേരി ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 21ന് വിചാരണ ആരംഭിക്കുമ്പോള്‍ തനിക്ക് കോടതിയില്‍ എത്താന്‍ പ്രയാസമുണ്ടെന്നും അതിനാല്‍ 15-20 ദിവസത്തേക്ക് വിചാരണ നീട്ടിവെക്കണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിനോയിയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിച്ചതിനു ശേഷമാണ് കോടതി പരാതിക്കാരിക്ക് നോട്ടിസ് അയച്ചത്. ഈ മാസം 15ന് ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ മറുപടി നല്‍കും. ഇതിനുശേഷം ഇക്കാര്യത്തില്‍ അന്തിമവിധി ഉണ്ടാകുമെന്നാണ് കരുതുന്നത്.

ദുബായിലെ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരേ മുംബൈ ഒഷ് വാര പോലിസില്‍ ലൈംഗിക പീഡന പരാതി നല്‍കിയത്. യുവതി നല്‍കിയ ബലാത്സംഗ കേസില്‍ 2020 ഡിസംബര്‍ 15നാണ് മുംബൈ പോലിസ് ബിനോയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ബിനോയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡി.എന്‍.എ പരിശോധനാ ഫലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait