കൊവാക്‌സിന്‍ ഒരു ഡോസിന് 206 രൂപയെന്ന് ആരോഗ്യമന്ത്രാലയം

Published on 12 January 2021 6:59 pm IST
×

ദില്ലി: രാജ്യത്ത് അടിയന്തര അനുമതിക്ക് അംഗീകാരം നല്‍കിയ കൊവാക്‌സിന്‍ ഒരു ഡോസിന് 206 രൂപയായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഷീല്‍ഡിന് 200 രൂപയുമായിരിക്കും. കൊവിഷീല്‍ഡും കൊവാക്‌സിനും സുരക്ഷിതമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. കൃത്യമായ വിലയിരുത്തലിന് ശേഷമാണ് വാക്‌സിന് അനുമതി നല്‍കിയത്. 

സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1.1 കോടി വാക്സിന്‍ ഡോസുകളും ഭാരത് ബയോടെക്കില്‍ നിന്ന് 55 ലക്ഷം ഡോസുകളും സംഭരിക്കും. ഭാരത് ബയോടെക്കില്‍ നിന്ന് 38.5 ലക്ഷം ഡോസുകളാണ് വാങ്ങുക. 16.5 ലക്ഷം വാക്സിന്‍ ഡോസുകള്‍ ബയോടെക് സൗജന്യമായി സര്‍ക്കാരിന് നല്‍കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. വാക്‌സിനേഷനായി രണ്ടുലക്ഷം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. പരീക്ഷണഘട്ടത്തിലുള്ള നാല് വാക്‌സിനുകളില്‍ പ്രതീക്ഷയുണ്ട്. വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാകാന്‍ ഒരുവര്‍ഷം വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. 

പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുലര്‍ച്ചെ നാലരയോടെ കൊവിഷീല്‍ഡ് വാക്‌സിനുമായുള്ള ശീതീകരിച്ച ട്രക്കുകള്‍ പുറപ്പെട്ടു. 32 കിലോ ഭാരം വരുന്ന 478 ബോക്‌സുകളാണ് ട്രക്കുകളില്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. തുടര്‍ന്ന് എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങള്‍ 13 ഇടങ്ങളിലേക്ക് വാക്‌സിനുമായി പുറപ്പെട്ടു. ദില്ലിയിലെത്തിച്ച വാക്‌സിന്‍ വിമാനത്താവളത്തില്‍ പ്രത്യേകം തയ്യാറാക്കിയ ശീതീകരിച്ച മുറികളിലും, രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലുമായി സൂക്ഷിക്കും. ദില്ലിക്ക് പുറമെ കൊല്‍ക്കത്ത, ഗുവാഹത്തി, അഹമ്മദാബാദ്, ഹൈദരബാദ്, വിജയവാഡ, ബംഗളൂരു തുടങ്ങി 13 ഇടങ്ങളില്‍ ഇന്ന് തന്നെ വാക്‌സിന്‍ എത്തിക്കും. കൊച്ചി തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait