കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍

Published on 12 January 2021 3:42 pm IST
×

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍. കൂത്തുപറമ്പ് സ്വദേശി ബഷീര്‍, ഉപ്പള സ്വദേശി മുഹമ്മദ് അഷറഫ്, കോഴിക്കോട് കക്കട്ടില്‍ സ്വദേശി റഷീദ് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. ഇവരില്‍ നിന്നും ഒരുകോടി 20 ലക്ഷം വരുന്ന 2389 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 

രണ്ടുപേര്‍ ദുബായില്‍ നിന്നെത്തിയവരും ഒരാള്‍ ബഹറിനില്‍ നിന്നെത്തിയതുമായിരുന്നു. ട്രോളി ബാഗിന്റെ ബീഡിങ് വയറായും, ആഭരണങ്ങളായും മലദ്വാരത്തില്‍ കാപ്സ്യൂളുകളായുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബഷീറില്‍ നിന്ന് 815 ഗ്രാം തൂക്കമുള്ള 41 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണവും, മുഹമ്മദ് അഷറഫില്‍ നിന്നും 30 ലക്ഷത്തോളം രൂപ വിലവരുന്ന 591 ഗ്രാം സ്വര്‍ണ്ണവും, റഷീദില്‍ നിന്നും 49 ലക്ഷത്തിലധികം രൂപ വില വരുന്ന 983 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. 

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ. വികാസ്, ഉദ്യോഗസ്ഥരായ പി.കെ ഹരിദാസ്, എസ്. നന്ദകുമാര്‍, കെ ഹബീബ്, ദിലീപ് കൗശല്‍, മനോജ്  കുമാര്‍ യാദവ്, ജോയ് സെബാസ്റ്റ്യന്‍, മല്ലിക കൗഷിക്, കെ.ടി.എം രാജന്‍ എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait