കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് എം.എല്‍.എക്ക് കൂടുതല്‍ കേസുകളില്‍ ജാമ്യം. 24 കേസുകളിലാണ് കമറുദ്ദീന് ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, വേറെയും കേസുകള്‍ ഉള്ളതിനാല്‍ എം.എല്‍.എക്ക് പുറത്തിറങ്ങാനാകില്ല.
കമറുദീന് ഹൈക്കോടതി മൂന്ന് കേസുകളില്‍ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെയാണ് കൂടുതല്‍ കേസുകളില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. കമറുദീന്റെ ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്‍ പ്രതിയല്ല എന്നതും കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ നിക്ഷേപത്തട്ടിപ്പിലെ മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കമറുദീന് ഉടന്‍ പുറത്തിറങ്ങാനാകില്ല.
കഴിഞ്ഞദിവസം ഫാഷന്‍ ഗോള്‍ഡിനെതിരേ പയ്യന്നൂര്‍ പോലിസ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. തൃശൂര്‍ ചാവക്കാട് പുന്നയൂര്ക്കളത്തെ വള്ളിലയില് ഉസ്മാന്റേയും തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ തലയില്ലത്ത് സൈബുന്നീസയുടേയും പരാതികളിലാണ് പോലിസ് കേസെടുത്തത്. എം.സി കമറുദ്ദീന് ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കമറുദ്ദീനെ എട്ട് കേസുകളില്‍ കൂടി റിമാന്റ് ചെയ്തിരുന്നു.
കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് (എസ്.ഐ.ടി) നിക്ഷേപ തട്ടിപ്പിനെതിരേയുള്ള കേസുകള്‍ അന്വേഷിക്കുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.