തിരുവനന്തപുരം: ആദ്യഘട്ട കൊവിഡ് വാക്സിന് നാളെ കേരളത്തിലെത്തും. വാക്സിനുമായുള്ള വിമാനം നാളെ ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറിന് തിരുവനന്തപുരത്തും എത്തും. കേരളത്തിന് 4,35,500 ഡോസ് കൊവിഷീല്‍ഡ് വാക്സിനാണ് ആദ്യഘട്ടം ലഭിക്കുക.
സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളില്‍ നിന്നാകും ജില്ലകളിലേക്ക് വാക്സിന് എത്തിക്കുക. കേന്ദ്ര സംഭരണ ശാലകളില്‍ നിന്ന് എത്തുന്ന കൊവിഷീല്‍ഡ് വാക്സിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മേഖല സംഭരണ ശാലകളിലേക്കാണ് ആദ്യം എത്തിക്കുക. ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്സിനേഷന് കേന്ദ്രങ്ങളിലെത്തിക്കും. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാക്സിനേഷന് കേന്ദ്രങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വാക്സിനേഷന് കേന്ദ്രങ്ങളിലേക്കും കോഴിക്കോട് സ്റ്റോറില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്കും വാക്സിന് നല്‍കും.
എറണാകുളം ജില്ലയില്‍ 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം, ബാക്കി ജില്ലകളില്‍ 9 വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ ഒരുദിവസം 100 വീതം പേര്‍ക്ക് വാക്സിന് നല്‍കും. വാക്സിന്റെ ലഭ്യതയനുസരിച്ച് ഓരോ ജില്ലകളിലും നൂറിലധികം കേന്ദ്രങ്ങള്‍ വരും ദിവസങ്ങളില്‍ സജ്ജമാക്കും. നിലവില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ 359549 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടം വാക്സിന് നല്‍കുക.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.