സന്ദേശങ്ങള്‍ സുരക്ഷിതമെന്ന് വാട്‌സ്ആപ്പ് 

Published on 12 January 2021 12:44 pm IST
×

ന്യൂഡല്‍ഹി: സ്വകാര്യ സന്ദേശങ്ങളോ സെന്‍സിറ്റീവ് ലൊക്കേഷന്‍ ഡാറ്റയോ ഫേസ്ബുക്കുമായി പങ്കിടില്ലെന്ന് ആവര്‍ത്തിച്ച് വാട്‌സ്ആപ്പ് തങ്ങളുടെ സ്വകാര്യതാ നയം വ്യക്തമാക്കുന്ന വിശദീകരണം പുറത്തിറക്കി. 'സ്വകാര്യമായി ആശയവിനിമയം നടത്താന്‍ ആളുകളെ സഹായിക്കുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും ഞങ്ങള്‍ ഏതറ്റംവരേയും പോകും. പുതിയ നയം സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങള്‍ കൈമാറുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കില്ല'- വിശദീകരണത്തില്‍ പറയുന്നു. 

വാട്‌സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് തേര്‍ഡ് പാര്‍ട്ടി സേവനങ്ങളുമായും പങ്കുവയ്ക്കുന്നത് നിര്‍ബന്ധിതമാക്കുന്ന പുതിയ പോളിസി അപ്‌ഡേറ്റിനെതിരെ ആഗോളതലത്തില്‍ വലിയ വിമര്‍ശനമാണുയരുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. വാട്‌സ്ആപ്പ് വരിക്കാരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റ്വര്‍ക്ക്, ഏതൊക്കെത്തരം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്‌സൈറ്റുകള്‍ വാട്‌സ്ആപ്പ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ വാട്‌സ്ആപ്പിന്റെ ഉടമകളായ ഫെയ്‌സ്ബുക്കുമായും ഇന്‍സ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റര്‍നെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നായിരുന്നു പുതിയ നയത്തില്‍ പറഞ്ഞിരുന്നത്. പലരും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തേടി പോകാന്‍ തുടങ്ങിയതോടെ കമ്പനി ഇക്കാര്യത്തില്‍ നിലപാട് മാറ്റി നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ വ്യക്തത വരുത്തല്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait