ലൈഫ് അഴിമതിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി: സി.ബി.ഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്
Published on 12 January 2021 11:05 am IST
×

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസില്‍ സി.ബി.ഐ അന്വേഷണം തുടരാന്‍ അനുവദിച്ച് ഹൈക്കോടതി. സര്‍ക്കാരിന്റെയും യൂണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. 

ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ നേരത്തേ കേസെടുക്കുകയും ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമായി മുന്നോട്ടു പോവുകയുമായിരുന്നു. എന്നാല്‍ ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാക്കും സര്‍ക്കാരും കോടതിയെ സമീപിച്ചു. ഇതേതുടര്‍ന്ന് സി.ബി.ഐ അന്വേഷണം ഹൈക്കോടതി രണ്ടുമാസത്തേക്ക് നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, സി.ബി.ഐയുടെ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരടക്കം ഇതില്‍ ഭാഗഭാക്കായിട്ടുണ്ട് എന്നീ കാര്യങ്ങള്‍ കോടതി ചൂണ്ടിക്കാണിച്ചു. 

അനില്‍ അക്കര എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശ സംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണു സി.ബി.ഐ കേസെടുത്തത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ലൈഫ് മിഷന്‍ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും പറയുന്നു. കോഴ ആരോപണം വിജിലന്‍സ് അന്വേഷിക്കുന്നുണ്ടെന്നും വിശദീകരിച്ചു. കരാര്‍ പ്രകാരം സേവനത്തിനുള്ള തുകയാണ് കൈപ്പറ്റിയതെന്നാണ് യൂണിടാക്കിന്റെ വാദം. പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സി.ബി.ഐയുടെ നിലപാട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait