കോവിഡ് വാക്‌സിന്‍: ആദ്യ ഘട്ടത്തില്‍ ചെലവ് കേന്ദ്രം വഹിക്കും

Published on 11 January 2021 9:22 pm IST
×

ന്യൂഡല്‍ഹി: ആദ്യഘട്ടത്തില്‍ കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും വാക്സിന്റെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി സംവദിക്കവെയെണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. 

ജനുവരി 16 മുതല്‍ കോവിഡ്- 19ന് എതിരെയുള്ള വാക്സിന്‍ രാജ്യവ്യാപകമായി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി സംസ്ഥാനങ്ങള്‍ അറിയിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കുന്നതും ആരോഗ്യപ്രവര്‍ത്തകര്‍, മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ രജിസ്ട്രേഷനും അടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനങ്ങള്‍ വാക്സിന്‍ വാങ്ങുന്നത് സംബന്ധിച്ചും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി. 'സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തമായി വാങ്ങുകയാണെങ്കില്‍ കമ്പനികളുമായി വിലനിര്‍ണ്ണയത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. കേന്ദ്ര സര്‍ക്കാരിനെ പോലെ ഒരു ഏജന്‍സി ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് നല്ലത്. ഇതായിരിക്കും രാജ്യത്തിന് നല്ലത്'- മോദി പറഞ്ഞു.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ശാസ്ത്രീയമായ നടപടിക്രമങ്ങളും പാലിച്ചാണ് രണ്ട് വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കിയത്. വിശ്വസനീയമായ നടപടികളാണ് ഉണ്ടായിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ മൂന്നുകോടി പേര്‍ക്കാണ് വാ്കസിന്‍ വിതരണം ചെയ്യുക. കോവിഡ് പ്രതിസന്ധിയില്‍ ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവര്‍ത്തിച്ചതില്‍ സംതൃപ്തിയുണ്ട്. പെട്ടെന്നുള്ള തീരുമാനങ്ങള്‍ പൂര്‍ണ്ണ വിവേകത്തോടു കൂടിയാണ് എടുത്തത്. തത്ഫലമായി, കോവിഡ് ലോകത്ത് എല്ലായിടത്തും വ്യാപിച്ചതുപോലെ ഇന്ത്യയില്‍ വ്യാപിച്ചില്ലെന്നും മോദി അവകാശപ്പെട്ടു.

രാജ്യത്ത് അംഗീകരിച്ച രണ്ട് തദ്ദേശീയ വാക്സിനുകളും ചെലവ് കുറഞ്ഞതാണ്. സ്വകാര്യ രംഗത്തേയും സര്‍ക്കാര്‍ രംഗത്തേയും കോവിഡ് മുന്നണിപോരാളികള്‍ക്ക് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാകും. വാക്സിന്‍ കുത്തിവയ്പ്പിന്റെ തത്സമയ ഡാറ്റ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാവര്‍ക്കും ഡിജിറ്റല്‍ ജെനറേറ്റഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത് ഡാറ്റ ഉറപ്പാക്കുകയും രണ്ടാമത്തെ ഡോസിനായി അറിയിപ്പ് നല്‍കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടാം ഘട്ടത്തില്‍, 50 വയസ്സിന് മുകളിലുള്ളവര്‍ക്കും 50 വയസ്സിന് താഴെയുള്ള രോഗാവസ്ഥയിലുള്ളവര്‍ക്കും കുത്തിവെപ്പ് നല്‍കും. അടുത്ത കുറച്ച് മാസങ്ങളില്‍ 30 കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ ലക്ഷ്യമിടുന്നുവെന്നും മോദി പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait