വാളയാര്‍ കേസ്: അന്വേഷണം സി.ബി.ഐക്ക് വിട്ടു

Published on 11 January 2021 5:15 pm IST
×

തിരുവനന്തപുരം: വാളയാര്‍ കേസന്വേഷണം സി.ബി.ഐക്ക് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വരും വരെ സമരം തുടരുമെന്നും പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. 

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സി.ബി.ഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ദൂരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത കേസില്‍ നാല് പ്രതികളേയും വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതി വിധി കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കി തുടര്‍ വിചാരണയ്ക്ക് ഉത്തരവിട്ടിരുന്നു. കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷനുള്‍പ്പെടെ വീഴ്ച വന്നതായി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. 

കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം തേടുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേസ് സി.ബി.ഐ.ക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait