കണ്ണൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എം.എല്‍.എയുമായ കെ.എം ഷാജി വീട്ടിലേക്ക് മാറുന്നു. ഇന്നു വൈകീട്ടോടെ അദ്ദേഹം ആശുപത്രി വിടുമെന്നാണ് വിവരം. ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയമായ എം.എല്‍.എയുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് നേരത്തെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.
ഇക്കഴിഞ്ഞ ഒമ്പതാം തീയതി പുലര്‍ച്ചയോടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട് അദ്ദേഹത്തെ കോഴിക്കോട് മയ്ത്ര ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇതിനു മുന്നോടിയായി നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് കൂടി സ്ഥിരീകരിച്ചതിനാല്‍ കഴിഞ്ഞ രണ്ടുദിവസമായി ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡിലാണ് അദ്ദേഹമുണ്ടായിരുന്നത്. വീട്ടില്‍ ക്വാറന്റൈന് സൗകര്യമൊരുക്കി വൈകീട്ടോടെ അങ്ങോട്ട് മാറാനാണ് തീരുമാനം.
അഴീക്കോട് ഹൈസ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന വിവാദത്തില്‍ ഇക്കഴിഞ്ഞ എട്ടാം തീയതി കണ്ണൂര്‍ വിജിലന്‍സ് മുമ്പാകെ ഷാജി ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ വിട്ടയച്ചത്. തിരിച്ച് കോഴിക്കോട്ടെ വീട്ടിലെത്തിയ ഷാജിക്ക് പുലര്‍ച്ചെ ഒരുമണിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ വീടിനടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അതേസമയം, ഷാജിയെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുമോ എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കോഴ ആരോപണത്തില്‍ ശക്തമായ തെളിവുകള്‍ ലഭിക്കുന്നപക്ഷം മാത്രമായിരിക്കും മറ്റ് നടപടിക്രമങ്ങളെന്ന് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് അറിയിച്ചിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.