ഇ.പി ജയരാജന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്

Published on 11 January 2021 4:43 pm IST
×

കണ്ണൂര്‍: വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ സി.പി.എമ്മിന്റെ അമരത്തേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇ.പി ജയരാജന്‍ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.പി ജയരാജന്‍ ഇക്കുറി മത്സരിക്കില്ല. ജയരാജന്‍ രണ്ടുതവണ എം.എല്‍.എ ആയ മട്ടന്നൂരില്‍ ഇക്കുറി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ സ്ഥാനാര്‍ഥിയാകും. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ സമയത്ത് തന്നെ ജയരാജന്‍ പകരക്കാരനാവണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടി തുടര്‍ഭരണ ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ മന്ത്രിസഭയിലെ ഒരു പ്രമുഖനെ മാറ്റുന്നതിനോട് മുഖ്യമന്ത്രി പിണറായി വിജയന് യോജിപ്പില്ലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ഥാനം ഏറ്റെടുക്കാമെന്ന നിലപാട് ജയരാജനും വ്യക്തമാക്കി. അതുകൊണ്ടാണ് തന്റെ വിശ്വസ്തനായ എ.വിജയരാഘവനെ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചത്. 

സി.പി.എമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ച സമ്മേളനം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനമായിട്ടുണ്ട്. സമ്മേളനത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ ഇ.പി ജയരാജന്‍ സെക്രട്ടറി സ്ഥാനത്തെത്തും. അങ്ങനെ വീണ്ടും കണ്ണൂരില്‍ നിന്നുള്ള നേതാവ് തന്നെ സി.പി.എമ്മിന്റെ അമരത്തെത്തുകയാണ്. സി.എച്ച് കണാരന്‍, ഇ.കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഈ പട്ടികയിലേക്ക് ഇ.പി ജയരാജനും വരികയാണ്. മയക്കു മരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ ബിനീഷ് കോടിയേരി ബംഗളുരുവിലെ ജയിലിലായതോടെയാണ് ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. സ്ഥാനമൊഴിഞ്ഞ ശേഷം സജീവമല്ലാത്ത കോടിയേരി കഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും അതുപോലെ തിരുവനന്തപുരം ജില്ലാ അവലോകന യോഗത്തിലും പങ്കെടുത്തിരുന്നു. പാര്‍ട്ടി യോഗങ്ങളില്‍ സജീവമാണെങ്കിലും കോടിയേരിക്ക് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല. ഈ സാഹചര്യത്തിലാണ് ഇ.പി ജയരാജനെ സംസ്ഥാന സെക്രട്ടറിയാക്കാനുള്ള തീരുമാനവുമായി സി.പി.എം സംസ്ഥാന നേതൃത്വം മുന്നോട്ടുപോകുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait