മലപ്പട്ടത്ത് കോണ്‍ഗ്രസ് ഓഫിസ് തീവച്ചു നശിപ്പിച്ച സംഭവം: മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published on 11 January 2021 4:00 pm IST
×

മയ്യില്‍: മലപ്പട്ടത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് തീവച്ചു നശിപ്പിച്ച സംഭവത്തില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പട്ടത്തെ സജീവ സി.പി.എം പ്രവര്‍ത്തകരായ കൊളന്തയിലെ എ. ലോഹിത് (26), മലപ്പട്ടം സെന്റര്‍ സ്വദേശികളായ നടുവേലിക്കണ്ടി നവനീത് (25), എ. നിഖില്‍ (21) എന്നിവരെയാണ് കണ്ണൂര്‍ ഡിവൈ.എസ്.പി സദാനന്ദന്റെ നിര്‍ദേശപ്രകാരം മയ്യില്‍ സി.ഐ ഷാജി പട്ടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപറ്റംബര്‍ 17ന് പുലര്‍ച്ചെയാണ് മലപ്പട്ടം സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് കത്തിച്ചത്. ഓഫിസിലെ 50 ഓളം കസേരകളും മേശ, ഫാന്‍, ഫയലുകള്‍, കൊടികളും ബാനറുകളും, മഹാത്മാഗാസി, നെഹ്‌റു ഉള്‍പ്പെടെയുള്ള ഫോട്ടോകളും കത്തിനശിച്ചിരുന്നു. വാതില്‍ തകര്‍ത്തശേഷം പെട്രോള്‍ ഒഴിച്ച് ഓഫിസിന് തീയിടുകയായിരുന്നു. നേരത്തെയും രണ്ടുതവണ ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസും  കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എമ്മും ആരോപിച്ചിരുന്നു.

സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പോലിസ് പ്രതികളെ പിടികൂടാന്‍ തയാറാകുന്നില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പോലിസ് സ്റ്റേഷന്‍ ധര്‍ണയും കോണ്‍ഗ്രസ് മലപ്പട്ടത്ത് പ്രതിഷേധ ധര്‍ണയും നടത്തിയിരുന്നു. ഇതോടെയാണ് കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ അന്വേഷണം ഏറ്റെടുത്തത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait