മൂന്ന് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന കൂട്ടുപുഴ പാലം നിര്‍മ്മാണത്തിന് വീണ്ടും തുടക്കമായി 

Published on 08 January 2021 4:32 pm IST
×

ഇരിട്ടി: കര്‍ണ്ണാടക വനംവന്യജീവി വകുപ്പിന്റെ തടസ്സവാദങ്ങള്‍ മൂലം പാതിവഴിയില്‍ നിര്‍മ്മാണം  നിര്‍ത്തിവച്ച കൂട്ടുപുഴ പാലത്തിന്റെ നിര്‍മ്മാണം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളാ-കര്‍ണ്ണാടക അതിര്‍ത്തിയിലെ ഈ പാലത്തിന്റെ പണി പുനരാരംഭിച്ചത്. 

തലശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കേണ്ട പാലത്തിന്റെ നിര്‍മ്മാണം 2017ലാണ് ആരംഭിച്ചത്. എന്നാല്‍ പ്രവര്‍ത്തി തുടങ്ങി കേരളത്തിന്റെ ഭാഗത്തുള്ള തൂണുകളും  വാര്‍പ്പും കഴിഞ്ഞ് പാതിവഴിയിലെത്തിയ പാലം കര്‍ണ്ണാടക വനം-വന്യജീവി വകുപ്പിന്റെ തടസ്സവാദം മൂലം 2017 ഡിസംബര്‍ 27ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. ബ്രഹ്മഗിരി വന്യമൃഗ സങ്കേതത്തില്‍ന്റെ ഭാഗമായ തങ്ങളുടെ അധീനതയില്‍പെട്ട സ്ഥലത്താണ് പാലം നിര്‍മ്മിക്കുന്നതെന്നും ഇവിടെ യാതൊരു വിധത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തിയും അനുവദിക്കില്ലെന്നും പറഞ്ഞാണ് പ്രവര്‍ത്തി തടഞ്ഞത്. തങ്ങളുടെ അധീനതയില്‍പെട്ട സ്ഥലമാണെന്ന കേരള റവന്യൂ വകുപ്പിന്റെ വാദം ഇവര്‍ തള്ളുകയും ചെയ്തു. മാക്കൂട്ടം വനമേഖലയോട് ചേര്‍ന്ന് പാലം അവസാനിക്കുന്ന ഭാഗം തങ്ങളുടേതാണെന്നും നിര്‍മ്മാണത്തിന് മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്നും കാണിച്ച് ഇവര്‍ പാലം പണി നിര്‍ത്തിവെപ്പിച്ചു. 

കര്‍ണ്ണാടകയുമായി ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ആറുമാസം മുന്‍പ് ദേശീയ വനം-വന്യജീവി ബോര്‍ഡിന്റെ അനുമതി കിട്ടിയിട്ടും നിര്‍മ്മാണത്തിനായി കര്‍ണ്ണാടക വനംവകുപ്പ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേരളത്തിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചത്. പാലത്തിന്റെ കേരളത്തിന്റെ അധീനതയില്‍ നിര്‍മ്മിക്കേണ്ട പകുതിയോളം ഭാഗം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ബാക്കി ഭാഗത്തെ പ്രവര്‍ത്തി നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി പാലം ഗതാഗത്തിന് തുറന്നുകൊടുക്കാനാകുമെന്ന് കരാറുകാര്‍ പറഞ്ഞു. 

1928ല്‍ ബ്രിട്ടീഷുകാര്‍ കൂട്ടുപുഴയില്‍ നിര്‍മ്മിച്ച പാലം അപകടാവസ്ഥയിലാണ്. ഒരു വാഹനത്തിനു മാത്രം കടന്നുപോകാന്‍ കഴിയുന്ന പാലത്തിലൂടെ ചരക്കുവാഹനങ്ങളും ടൂറിസ്റ്റ് ബസ്സുകളുമടക്കം ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ പാലത്തിന് അടുത്താണ് പുതിയ പാലം യാഥാര്‍ഥ്യമാകുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait