പെരുമ്പടവ്: അനധികൃതമായി നടത്തിവരുന്ന ക്വാറിയില്‍ പോലിസ് പരിശോധന നടത്തി. വീടുകളില്‍ വിള്ളല്‍ വീഴുന്നതും കിണറുകള്‍ വറ്റുന്നതും കണ്ടെത്തിയതിനെ തുടര്‍ന്ന് ജിയോളജി വിഭാഗത്തിന് പോലിസ് റിപോര്‍ട്ട് നല്കി.
പെരുമ്പടവ് തലവില്‍ വിളയാര്കോട് എന്ന സ്ഥലത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. പരിശോധനയില്‍ ക്വാറിയില്‍ നിന്നും പോകുന്ന ലോറികള്ക്കൊന്നും ജിയോളജി വകുപ്പിന്റെ അനുമതിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് പോലിസ് ലോറികള്‍ പിടികൂടി ആലക്കോട് സ്റ്റേഷനിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരത്തോടെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് ലൈസന്‍സുണ്ടെങ്കിലും നിയമങ്ങളൊന്നും പാലിക്കാതെയാണ് നടത്തിവരുന്നതെന്ന് കണ്ടെത്തി. സമീപ പ്രദേശത്ത് കിണറുകളില്‍ വെള്ളം വറ്റുന്നതിനു പുറമേ കടുത്ത കുടിവെള്ള ക്ഷാമവുമുണ്ട്. കുളങ്ങളെല്ലാം വറ്റിവരണ്ട നിലയിലാണ്. പുതുതായി നിര്‍മ്മിച്ച വീടുകള്‍ക്കെല്ലാം വിള്ളലുകള്‍ വന്നിട്ടുണ്ട്. നിയമപ്രകാരമുള്ള കാര്യങ്ങളൊന്നും ചെയ്യാതെയാണ് ലോഡ്കണക്കിന് കരിങ്കല്ലുകള്‍ ക്വാറിയില്‍ നിന്ന് പോയ്കൊണ്ടിരിക്കുന്നത്.
എറണാകുളം സ്വദേശി കെ.എസ് ഷാജിയുടെ ഉടമസ്ഥതയിലുള്ള ക്വാറി പത്ത് വര്‍ഷത്തോളമായി പറവൂര്‍ കാരയാട് തായലെപുരയില്‍ ടി.ടി മധുവാണ് നടത്തി വരുന്നത്. ഇവര്‍ക്ക് അമ്മാനപ്പാറയില്‍ സ്റ്റോണ്‍ക്രഷര്‍ യൂണിറ്റുമുണ്ട്. ഇവിടുന്ന് കൊണ്ടുപോകുന്ന ടോറസ് ലോറികളാണ് കസ്റ്റഡിയിലെടുത്തത്. പരിശോധന സമയത്ത് ഇവര്‍ക്ക് ജിയോളജി വകുപ്പിന്റെ പേപ്പറുകളൊന്നും ഉണ്ടായിട്ടില്ല. പിടികൂടിയതിനു ശേഷം അമ്മാനപ്പാറയിലെ ക്രഷര്‍ യൂണിറ്റില്‍ നിന്നും കടലാസുകള്‍ ശരിപ്പെടുത്തിവരികയാണ് പതിവായി ചെയ്യുക. ഇതുള്‍പ്പെടെ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസമായി സമീപവാസികള്‍ ക്വാറിക്കെതിരേ ശക്തമായി രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ബഹിഷ്കരിക്കുമെന്ന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് പരിശോധന നടന്നത്. സീനിയര്‍ സിവില്‍ പോലിസ് സുരേഷ് കക്കറ, പി.കെ ഗിരീഷ്കുമാര്‍, ആലക്കോട് എസ്.ഐ നിവിന്‍ ജോസ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി. മലയോര പ്രദേശത്ത് നിരവധി ക്വാറികള്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരം ക്വാറികള്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്നും തളിപറമ്പ് ഡിവൈ.എസ്.പി ടി.കെ രത്നകുമാര്‍ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.