പഴയങ്ങാടി: നിലത്തുവീഴ്ത്താതെ പന്ത് ജഗ്ലിങ്ങ് നടത്തി ലോക റെക്കോര്‍ഡ് നേടി കണ്ണൂര്‍ സ്വദേശി അഖില. ബ്രസീല്‍ താരം ജോഷ്വ ഡ്യുറേറ്റിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ചെറുകുന്നിലെ പഴങ്ങോട് സ്വദേശിയായ അഖില തകര്‍ത്തിരിക്കുന്നത്. ഒരുമിനുട്ടില്‍ 171 തവണയാണ് തുടര്‍ച്ചയായി അഖില ജഗിള്‍ ചെയ്തത്. ചെറുപ്രായത്തില്‍ തന്നെ കഴിവുള്ള കുട്ടികളെ കണ്ടെത്തി കാല്പന്തില് ലോകനിലവാരത്തില്‍ പരിശീലനം നല്കാന് കായികവകുപ്പ് നടപ്പാക്കിയ കിക്കോഫ് പരിശീലന പദ്ധതിയിലൂടെയാണ് അഖിലയ്ക്ക് നേട്ടം കൈവരിച്ചത്. പയ്യന്നൂര്‍ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ കിക്കോഫ് പരിശീലന കേന്ദ്രത്തിലാണ് പരിശീലനം. ചുരുങ്ങിയ കാലത്തെ പരിശീലനം കൊണ്ടാണ് താരം ലോകനിലവാരത്തിലേക്ക് ഉയര്‍ന്നത്. വിവിധ ജില്ലകളിലായി 19 കേന്ദ്രങ്ങളിലാണ് കിക്കോഫ് പദ്ധതി ആരംഭിച്ചത്. നിലവില്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്കുന്ന ഏക കേന്ദ്രമാണ് പയ്യന്നൂരിലേത്. ചെറുകുന്ന് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ പഠിക്കുന്ന അഖിലയ്ക്ക് ഇതിനികം ജിവിരാജ സ്പോട്സ് സ്കൂളിലേക്ക് സെലക്ഷന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ജഗ്ലിങ് അറ്റ്ഹോം മത്സരത്തില്‍ ഒന്നാമതെത്തിയ അഖിലയുടെ പന്ത് തട്ടുന്ന വീഡിയോ കണ്ട് കായിക മന്ത്രി ഇ.പി ജയരാജന് അഭിനന്ദനം അറിയിച്ച് വിളിച്ചിരുന്നു. വമ്പന്‍ താരങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ ഒറ്റയടിക്ക് മുന്നൂറോളം തവണയാണ് ഈ ഏഴാം ക്ലാസുകാരി അന്ന് പന്ത് ജഗ്ള്‍ ചെയ്തത്. ചെറുകുന്നിലെ ബൈജുവിന്റെയും ലിമയുടെയും രണ്ടാമത്തെ മകളാണ്. ഫോര്‍വേഡ് പൊസിഷനില്‍ കളിച്ച് ലോകമറിയപെടുന്ന ഫുട്ബോളറാകണമെന്നാണ് അഖിലയുടെ സ്വപ്നം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.