ദില്ലി: പോലിസ് നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തി സി.പി.എം കേന്ദ്ര നേതൃത്വം. നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
പോലിസ് ആക്ട് ഭേദഗതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയരുകയും പൊതുസമൂഹത്തില്‍ നിന്നും വിമര്‍ശനം ശക്തമാക്കുകയും ചെയ്തതിനു പിന്നാലെയാണ് പോലിസ് ആക്ടിനെ തള്ളിപ്പറഞ്ഞുകൊണ്ട് സീതാറാം യെച്ചൂരി രംഗത്ത് എത്തിയത്. ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന രീതി അംഗീകരിക്കുന്നില്ല. ഈ ബില്‍ പുനഃപരിശോധിക്കും. പുതിയ പോലിസ് ആക്ടിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടനെ തന്നെ കേരള സര്‍ക്കാരില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കും- ദില്ലിയില്‍ മാധ്യമങ്ങളെ കണ്ട യെച്ചൂരി പറഞ്ഞു.
നേരത്തെ ദേശീയതലത്തില്‍ ഏറെ വിവാദമായ 66 എ വകുപ്പിനെതിരെ കടുത്ത നിലപാടാണ് സി.പി.എം സ്വീകരിച്ചത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ നടന്ന വിശദമായ ചര്‍ച്ചയ്ക്കു ശേഷം അഭിപ്രായ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം, മൗലികാവകാശം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള ഒരു നിയമത്തേയും പിന്തുണയ്ക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനിച്ചിരുന്നു. അന്ന് പാര്‍ട്ടിയെടുത്ത നിലപാടിനെതിരാണ് സി.പി.എം അധികാരത്തിലുള്ള കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പോലിസ് ആക്ട് എന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതാണ് വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തേയും സര്‍ക്കാരിനേയും തള്ളി പരസ്യമായ തിരുത്തല്‍ നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം രംഗത്ത് എത്തിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.