തദ്ദേശ തെരഞ്ഞെടുപ്പ്: യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി 

എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ വിതരണം ഉറപ്പാക്കും 
Published on 21 November 2020 3:17 pm IST
×

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 

എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം പ്രകടന പത്രികകളും പുറത്തിറക്കുമെന്ന് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം മഹാമാരിയായ കൊവിഡിനെതിരെ വാക്‌സിന്‍ ഇന്ത്യയില്‍ എത്തിയാല്‍ അത് അതിവേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ സൗകര്യമുണ്ടാവുമെന്ന് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു. എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ എത്തിക്കാന്‍ സംവിധാനമുണ്ടാവുമെന്നും യു.ഡി.എഫ് ഉറപ്പുനല്‍കുന്നു. 

തദ്ദേശ സ്ഥാപനങ്ങളിലെ താല്കാലിക ജീവനക്കാരെ നിയമിക്കാനുള്ള അവകാശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നും യു.ഡി.എഫ് പ്രകടന പത്രികയിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച ഫണ്ട് യു.ഡി.എഫ് തിരിച്ചുനല്‍കുമെന്ന് തെരഞ്ഞെടുപ്പ് പത്രികയിലുണ്ട്. 'പുനര്‍ജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും' എന്ന മുദ്രാവാക്യത്തോടെയാണ് പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്. അധികാര വികേന്ദ്രീകരണത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഒരു സമീപനമാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് യു.ഡി.എഫ് പ്രകടന പത്രിക കുറ്റപ്പെടുത്തുന്നു. 

കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും സമ്പൂര്‍ണ്ണ മാലിന്യ പദ്ധതി നടപ്പാക്കുമെന്നും യു.ഡി.എഫ് പ്രകടന പത്രികയിലുണ്ട്. കാരുണ്യ പദ്ധതി പുനരുജ്ജീവിപ്പിക്കുകയും അനാഥരെ ദത്തെടുക്കുമെന്നും പ്രകടന പത്രികയിലുണ്ട്. അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിയും യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait