ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: പൂക്കോയ തങ്ങളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ്

Published on 21 November 2020 10:11 am IST
×

കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി എം.ഡി പൂക്കോയ തങ്ങളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ്. ലുക്ക്ഔട്ട് നോട്ടിസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ പൂക്കോയ തങ്ങളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. എം.സി കമറുദ്ദീന്‍ എം.എല്‍.എ അറസ്റ്റിലായി 15 ദിവസമായിട്ടും തങ്ങളെ കുറിച്ചുള്ള ഒരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. 

നിക്ഷേപ തട്ടിപ്പിലെ പല കേസുകളിലും ഒന്നാം പ്രതിയായ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൂക്കോയ തങ്ങളെ ഒരുതവണ അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കമറുദ്ദീന്‍ അറസ്റ്റിലായ ദിവസവും കാസര്‍കോട് എസ്.പി ഓഫിസിലേക്ക് തങ്ങളെ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കമറുദ്ദീന്റെ അറസ്റ്റ് മനസിലാക്കിയ തങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. കേസിലെ മറ്റൊരു പ്രതിയും പൂക്കോയ തങ്ങളുടെ മകനും പയ്യന്നൂര്‍ ശാഖയുടെ മാനേജരുമായ ഹിഷാം വിദേശത്തേക്ക് കടന്നതായാണ് വിവരം. മൂന്ന് ജ്വല്ലറി ശാഖകളുടെയും മാനേജരായ സൈനുല്‍ ആബിദും ഒളിവില്‍ തുടരുകയാണ്. അതിനിടെ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപകരായവരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു. പരാതിക്കാരുടെ അഭിഭാഷകനായ ഷുക്കൂറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. നൂറോളം നിക്ഷേപകര്‍ പങ്കെടുത്തു. 

അതേസമയം, ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് കോടതി തള്ളിയിതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. റിമാന്‍ഡില്‍ കഴിയവേ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കമറുദ്ദീന് കഴിഞ്ഞ ദിവസം ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ആന്‍ജിയോ ഗ്രാം പരിശോധനയില്‍ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് എം.എല്‍.എയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait