കോവിഡ് ഭേദമായവര്‍ക്ക് ആറ് മാസത്തേക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത കുറവെന്ന് പഠനം

Published on 20 November 2020 9:45 pm IST
×

ലണ്ടന്‍: കോവിഡ് ബാധിച്ച് രോഗമുക്തരായവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് വീണ്ടും രോഗം പിടിപെടാന്‍ സാധ്യത വളരെ കുറവാണെന്ന് പഠനം. യു.കെയിലെ കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരില്‍ ഓക്‌സ്ഫഡ് സര്‍വ്വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

രോഗം ഭേദമായ ചിലര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ച ഒറ്റപ്പെട്ട കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡിനെതിരേയുള്ള പ്രതിരോധ ശേഷി കുറച്ചു കാലത്തേക്ക് മാത്രമാണെന്നും രോഗമുക്തരായവര്‍ക്ക് ഉടന്‍തന്നെ വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടെന്നുമുള്ള ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ ഈ ആശങ്കകള്‍ അകറ്റി കോവിഡ് വീണ്ടും വരാനുള്ള സാധ്യത വളരെ അപൂര്‍വ്വമാണെന്ന് അവകാശപ്പെടുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട്.

ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള 30 ആഴ്ച കാലയളവിലാണ് ആരോഗ്യപ്രവര്‍ത്തകരില്‍ പഠനം നടത്തിയത്. ആന്റിബോഡി ഇല്ലാത്ത 11,052 പേരില്‍ നടത്തിയ പഠനത്തില്‍ 89 പേരില്‍ രോഗലക്ഷണങ്ങളോടെ പുതിയ രോഗബാധ കണ്ടെത്തി. എന്നാല്‍ ആന്റിബോഡിയുള്ള 1,246 പേരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളോടെ രോഗബാധ കണ്ടെത്തിയിട്ടില്ല.

ആന്റിബോഡിയുള്ളവര്‍ക്ക് ലക്ഷണമില്ലാതെ കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത കുറവാണെന്നും ഗവേഷകര്‍ പറയുന്നു. പഠനത്തില്‍ ആന്റിബോഡി ഇല്ലാത്ത 76 പേര്‍ പോസിറ്റീവായപ്പോള്‍ ആന്റിബോഡിയുള്ള മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഈ മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡ് ലക്ഷണമില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ലോകമെമ്പാടും ഇതിനോടകം കോവിഡ് ബാധിച്ച 5.1 കോടിയോളം രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കണ്ടെത്തലാണിതെന്നും തുടര്‍പഠനത്തിനായി ഈ ആരോഗ്യപ്രവര്‍ത്തകരെ തുടര്‍ന്നും നിരീക്ഷിക്കുമെന്നും ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait