കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ഇത്തവണ കടുത്ത മത്സരം

Published on 20 November 2020 9:29 am IST
×

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് രൂപീകരിച്ച് 25 വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയത്. 1995ലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് രൂപംകൊണ്ടത്. അന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ പി.കെ ശ്രീമതി ടീച്ചര്‍ പ്രസിഡന്റായി. അന്ന് സ്ത്രീ സംവരണമായിരുന്നു പ്രസിഡന്റ് പദം. ആദ്യ ജില്ലാ പഞ്ചായത്തിന് മൂന്നു പ്രസിഡന്റുമാരുണ്ടായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് 1997ല്‍ പി.കെ ശ്രീമതി രാജി വെച്ച ഒഴിവില്‍ ഇ.വി രാധ പ്രസിഡന്റായി. 1999 മാര്‍ച്ചില്‍ ഇ.വി രാധ രാജി വെച്ചതിനെ തുടര്‍ന്ന് എം. ജയലക്ഷ്മി പ്രസിഡന്റായി. 2000ല്‍ നടന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ഒ.വി നാരായണന്‍ പ്രസിഡന്റായി. തുടര്‍ച്ചയായി രണ്ടുതവണ പൊതു വിഭാഗത്തിനായിരുന്നു പ്രസിഡന്റ് സ്ഥാനം. 2005ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ എം.എല്‍.എ കെ.കെ നാരായണന്‍ പ്രസിഡന്റായി. 2010ല്‍ പ്രൊഫ. കെ.എ സരളയായിരുന്നു പ്രസിഡന്റ്. 

2015ല്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ സി.പി.എമ്മിലെ കാരായി രാജനായിരുന്നു നറുക്ക് വീണത്. പ്രസിഡന്റായി ചുമതലയേറ്റെങ്കിലും തലശേരിയിലെ ഫസല്‍ വധക്കേസില്‍ സി.ബി.ഐ പ്രതി ചേര്‍ത്തതിനാല്‍ ജില്ലയില്‍ പ്രവേശനാനുമതിയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് പരിയാരം ഡിവിഷനില്‍ നിന്ന് ജയിച്ച കെ.വി സുമേഷ് പ്രസിഡന്റായത്. അഞ്ച് തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്ക് ഏകപക്ഷീയമായ വിജയമായിരുന്നു. പ്രതിപക്ഷ നിര ദുര്‍ബലമായിരുന്നു. ഇതിനൊരപവാദം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രമായിരുന്നു. ആകെയുള്ള 24 സീറ്റില്‍ ഐക്യമുന്നണിക്ക് ഒന്‍പത് സീറ്റ് നേടാന്‍ കഴിഞ്ഞു. ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളൊന്നും ഐക്യമുന്നണി ഗൗരവമായി എടുത്തിട്ടില്ല എന്നു വേണമെങ്കില്‍ പറയാം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഡിവിഷന്‍ പുനര്‍നിര്‍ണയത്തില്‍ യു.ഡി.എഫിന് അനുകൂലമായ രീതിയിലായിരുന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ രൂപീകരിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഇടതുമുന്നണിക്ക് എഴുതിക്കൊടുത്ത പോലെയാണ് യു.ഡി.എഫിന്റെ പ്രകടനം. 

എന്നാല്‍ ഇക്കുറി യു.ഡി.എഫ് ഗൗരവമായാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇത്തവണ ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്. ചരിത്രത്തിലാദ്യമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്ന പ്രത്യേകതയും യു.ഡി.എഫിനുണ്ട്. ഉളിക്കല്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന ഡി.സി.സി സെക്രട്ടറിയും മുന്‍ കേളകം പഞ്ചായത്ത് പ്രസിഡന്റുമായ ലിസി ജോസഫിനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. ഡി.സി.സി ഭാരവാഹികളായ എന്‍.പി ശ്രീധരന്‍, കെ.സി മുഹമ്മദ് ഫൈസല്‍, ഹരിദാസ് മൊകേരി, തോമസ് വക്കത്താനം എന്നിവരൊക്കെ മത്സരരംഗത്തുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം പതിവില്‍ നിന്ന് വിപരീതമായി നേരത്തെ നടത്തി  പ്രചരണ രംഗത്ത് സജീവമാകാന്‍ യു.ഡി.എഫിനായിട്ടുണ്ട്. എന്ത് വില കൊടുത്തും ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുക എന്ന ഉറച്ച തീരുമാനത്തിലാണ് യു.ഡി.എഫ് നേതൃത്വം. 

കഴിഞ്ഞ തവണ പിടിച്ച ഒന്‍പത് സീറ്റുകള്‍ നിലനിര്‍ത്തുകയും ചെറിയ വോട്ടിന് പരാജയപ്പെട്ട കൂടാളി, അഴീക്കോട്, കോളയാട് എന്നിവ പിടിക്കുകയും ചെയ്താല്‍ ഇത്തവണ ജില്ലാ പഞ്ചായത്ത് കൈപിടിയിലാക്കാമെന്നാണ് യു.ഡി.എഫ് കരുതുന്നത്. യു.ഡി.എഫ് സ്വാധീന മേഖലയായ കോളയാട് കഴിഞ്ഞതവണ സി.പി.ഐയിലെ വി.കെ സുരേഷ്ബാബു കോണ്‍ഗ്രസിലെ സുധീപ് ജെയിംസിനെ തോല്‍പിച്ചത് 2,518 വോട്ടുകള്‍ക്കാണ്. അഴീക്കോട് ഇടതു സ്വതന്ത്രന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍ കോണ്‍ഗ്രസിലെ രജിത് നാറാത്തിനെ തോല്‍പിച്ചത് 2024 വോട്ടുകള്‍ക്കാണ്. ശക്തമായ മത്സരത്തിലൂടെ ഈ സീറ്റുകള്‍ പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫ് പറയുന്നത്. 

തങ്ങളുടെ കുത്തകയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഇടതുമുന്നണി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി പ്രചരണരംഗത്ത് ഇടതുമുന്നണി മേല്‍ക്കൈ നേടിയിട്ടുണ്ട്. പുതുമുഖങ്ങളെയും യുവാക്കളെയും പരിഗണിച്ച് സ്ഥാനാര്‍ഥികളെ നേരത്തെ നിശ്ചയിച്ച് തെരഞ്ഞെടുപ്പ് രംഗത്തെത്തിയതാണ് ഇടതുമുന്നണിക്ക് മേല്‍ക്കൈ നേടാനായത്. കഴിഞ്ഞ കാലങ്ങളില്‍ കണ്ണൂരില്‍ നടപ്പാക്കിയ വികസന പദ്ധതികളെ മുന്‍നിറുത്തിയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജില്ലയില്‍ നടപ്പാക്കിയ പദ്ധതികളും ഇടതു സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും തങ്ങള്‍ക്ക് തുണയാകുമെന്നാണ് ഇടതുമുന്നണി കരുതുന്നത്.

സ്വര്‍ണക്കടത്ത് കേസും, ബിനീഷ് കോടിയേരിയുടെ അറസ്റ്റും തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതും സി.എ.ജി വിവാദവുമൊക്കെ സജീവ ചര്‍ച്ചാ വിഷയമാക്കി ശക്തമായ പ്രചരണം നടത്താനാണ് യു.ഡി.എഫ് നീക്കം. ലീഗ് എം.എല്‍.എമാരുടെ അറസ്റ്റ് തിരിച്ചടിയാകുമോ എന്ന ആശങ്ക യു.ഡി.എഫിനുണ്ടെങ്കിലും സര്‍ക്കാരിനെതിരെയുള്ള ജനവികാരം മുമ്പത്തേതിനെക്കാളും തങ്ങള്‍ക്കനുകൂലമാണെന്നാണ് യു.ഡി.എഫ് പക്ഷം.

നാമനിര്‍ദേശാപത്രിക സമര്‍പ്പണം പൂര്‍ത്തിയാവുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത വീറും വാശിയിലുമാണ് ഇടതുമുന്നണിയും ഐക്യമുന്നണിയും. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി പ്രചരണരംഗത്ത് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും സജീവമായി. എല്ലാ ഡിവിഷനുകളിലും തങ്ങളുടെ വോട്ടില്‍ വര്‍ധനയുണ്ടാവുമെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. മൂന്നു മുന്നണികളും പ്രചരണ രംഗത്ത് എല്ലാ അടവുകളും പയറ്റുമ്പോള്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരം ഇത്തവണ കടുത്തത് തന്നെ.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait