കണ്ണൂരില്‍ 15 വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് എതിരില്ലാത്ത വിജയം

Published on 19 November 2020 8:17 pm IST
×

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 19 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല. ആന്തൂര്‍ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാര്‍ഡുകളില്‍ എതിരില്ലാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍. ആന്തൂര്‍ നഗരസഭ (6 വാര്‍ഡുകള്‍) മലപ്പട്ടം പഞ്ചായത്ത് (5 വാര്‍ഡുകള്‍), കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് (2 വാര്‍ഡുകള്‍) എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിന് എതിരില്ല. 

മൊറാഴ, കാങ്കൂല്‍, കോള്‍മൊട്ട, നണിച്ചേരി, ആന്തൂര്‍, ഒഴക്രോം വാര്‍ഡുകളിലാണ് സി.പി.എം മാത്രം നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ആന്തൂരില്‍ കഴിഞ്ഞതവണ 14 ഇടത്ത് എതിരാളികളില്ലാതെ എല്‍.ഡി.എഫ് ജയിച്ചിരുന്നു. കണ്ണൂര്‍ മലപ്പട്ടം പഞ്ചായത്തില്‍ അഞ്ചിടത്തും എല്‍.ഡി.എഫിന് എതിര്‍ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയില്ല. അടുവാപ്പുറം നോര്‍ത്ത്, കരിമ്പില്‍, മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, കോവുന്തല വാര്‍ഡുകളിലാണിത്. കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലും കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ഒരു വാര്‍ഡിലും ഇടത് സ്ഥാനാര്‍ഥികള്‍ മാത്രം. കോട്ടയം മലബാര്‍ പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലും തളിപ്പറമ്പ് നഗരസഭയിലെ കൂവോഡ് വാര്‍ഡിലും സി.പി.എം സ്ഥാനാര്‍ഥികള്‍ മാത്രമാണ് പത്രിക നല്‍കിയത്.

അതേസമയം, കണ്ണൂര്‍ ജില്ലയ്ക്ക് പുറമെ കാസര്‍കോട് ജില്ലയിലെ മടിക്കൈ പഞ്ചായത്ത് (3 വാര്‍ഡുകള്‍) കയ്യൂര്‍ ചീമേനി പഞ്ചായത്ത് (ഒരു വാര്‍ഡ്) എന്നിവിടങ്ങളിലാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്തത്. ഇവിടങ്ങളില്‍ മറ്റ് സ്ഥാനാര്‍ഥികളാരും പത്രിക നല്‍കിയിട്ടില്ല. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നരലക്ഷത്തിലേറെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഒന്നര ലക്ഷത്തിലേറെ സ്ഥാനാര്‍ഥികള്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, കോര്‍പറേഷനുകളിലുമായി ജനവിധി തേടും. ഗ്രാമപഞ്ചായത്തുകളിലേക്ക് ഒരു ലക്ഷത്തി പതിമൂവായിരം പത്രികകളും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പതിനൊന്നായിരത്തിലേറെ പത്രികകളും ജില്ലാ പഞ്ചായത്തുകളിലേക്ക് ആയിരത്തി എണ്ണൂറിലേറെ പത്രികകളും കിട്ടി. 19,526 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 3,758 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. 

ഈ മാസം 12 മുതലായിരുന്നു പത്രിക സമര്‍പ്പണം. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു പത്രികാ സമര്‍പ്പണം. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 23നാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait