സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സി.ബി.ഐയ്ക്ക് അന്വേഷണം സാധ്യമല്ല: സുപ്രിംകോടതി

Published on 19 November 2020 5:18 pm IST
×

ഡല്‍ഹി: സംസ്ഥാനങ്ങളിലെ അന്വേഷണത്തിന് സി.ബി.ഐയ്ക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന് വ്യക്തമാക്കി സുപ്രിംകോടതി. ഒരുസംസ്ഥാനത്തിന്റെയും അനുമതി ഇല്ലാതെ സി.ബി.ഐയ്ക്ക് സംസ്ഥാനങ്ങളില്‍ അന്വേഷണം സാധ്യമല്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാനങ്ങളുടെ അനുവാദം ഇല്ലാതെ അന്വേഷണം നടത്തുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ബി. ആര്‍ ഗവായി എന്നിവരുടേതാണ് സുപ്രധാന വിധി. അഴിമതി ആക്ഷേപവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചിലര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നിര്‍ണായക നിരീക്ഷണം. പ്രതിപട്ടികയിലുള്ള ഹര്‍ജിക്കാരില്‍ ചിലര്‍ സംസ്ഥാന ജീവനക്കാരാണെന്നും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും വാദിച്ചു. ഇതിനിടെ ഡല്‍ഹി പൊലിസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ചട്ടങ്ങള്‍ സുപ്രിംകോടതി വ്യക്തമാക്കി. ഫെഡറല്‍ തത്വങ്ങള്‍ പാലിക്കുന്നതിനാകണം കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. അതുകൊണ്ടുതന്നെ സെക്ഷന്‍ ആറ് ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നിര്‍ദേശിക്കുന്ന സംസ്ഥാനങ്ങളുടെ അനുമതി സുപ്രധാനമാണ്. സംസ്ഥാനങ്ങള്‍ നല്‍കുന്ന അനുവാദമാണ് സി.ബി.ഐയ്ക്ക് അധികാര പരിധി നല്‍കുന്നത്. ഇക്കാര്യത്തില്‍ ഒരു സംശയത്തിനും അവസരമില്ലെന്നും വ്യക്തമാക്കി ഹര്‍ജിക്കരുടെ അപ്പീല്‍ കോടതി നിരസിച്ചു.ഉത്തര്‍പ്രദേശ് സി.ബി.ഐ അന്വേഷണത്തിന് ജനറല്‍ കണ്‍സെന്റ് നല്‍കിയ സംസ്ഥാനമാണെന്ന് കണ്ടെത്തിയാണ് ഉത്തരവ്. കേരളം അടക്കം ഉള്ള സംസ്ഥാനങ്ങള്‍ സി.ബി.ഐയ്ക്ക് നല്‍കിയ ജനറല്‍ കണ്‍സെന്റ് പിന്‍വലിച്ച സഹചര്യത്തില്‍ സുപ്രധാനമാണ് സുപ്രിംകോടതി നിരീക്ഷണങ്ങള്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait