മൗത്ത് വാഷ് കൊറോണക്കെതിരായ ഫലപ്രദമായ അണുനാശിനിയോ? പുതിയ വഴി തുറന്ന് പഠനം

Published on 18 November 2020 8:05 pm IST
×

ലണ്ടന്‍: കോവിഡിന് കാരണമായ കൊറോണ വൈറസിനെതിരേ ഫലപ്രദമായ അണുനാശിനിയാണ് മൗത്ത് വാഷെന്ന് കണ്ടെത്തല്‍. കാര്‍ഡിഫ് സര്‍വ്വകലാശാല ലാബില്‍ നടത്തിയ പരീക്ഷണത്തിലാണ് മൗത്ത വാഷ് 30 സെക്കന്റിനുള്ളില്‍ കൊറോണ വൈറസിനെ കൊല്ലുമെന്ന് കണ്ടെത്തിയിട്ടുള്ളത്.

മൗത്ത് വാഷിന് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് കണ്ടെത്തിയ മുന്‍ പഠനത്തെ ബലപ്പെടുത്തുന്നതാണ് പുതിയ പഠനം. അതേസമയം പഠന റിപ്പോര്‍ട്ട് ഇതുവരെ മറ്റ് ഗവേഷകര്‍ അവലോകനം ചെയ്ത് അംഗീകരിച്ചിട്ടില്ല. മൗത്ത് വാഷില്‍ ഉപയോഗിക്കുന്ന സെറ്റിപിരിഡിനിയം ക്ലോറൈഡ് (സി.പി.സി) കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്നാണ് ലാബില്‍ നടത്തിയ രണ്ട് പഠനങ്ങളിലും കണ്ടെത്തിയത്. അതേസമയം കോവിഡ് 19 ചികിത്സയ്ക്കായി മൗത്ത് വാഷ് ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

30 സെക്കന്‍ഡ് നേരം സെറ്റില്‍പിരിഡിനിയം ക്ലോറൈഡ് ഉപയോഗിച്ചും എത്തനോള്‍ / എഥൈല്‍ ലോറോയില്‍ അര്‍ജിനേറ്റ് അടങ്ങിയ ഉപയോഗിച്ചും നടത്തിയ കഴുകലിനു ശേഷം വൈറസ് പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെട്ടു എന്നാണ് പഠനം നടത്തിയവര്‍ പറയുന്നത്. മൗത്ത് വാഷ് ഉപയോഗം വായിലെ ഉമിനീരില്‍ കൊറോണ വൈറസിന്റെ നിരക്ക് കുറക്കുമോ എന്ന് മനസ്സിലാക്കാന്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താനാണ് അടുത്ത ഘട്ടത്തില്‍ ഗവേഷകര്‍ ആലോചിക്കുന്നത്.  ക്ലിനിക്കല്‍ ട്രയലിന്റെ ഫലങ്ങള്‍ അടുത്തവര്‍ഷം ആദ്യം വരുമെന്നാണ് പ്രതീക്ഷ.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait