ന്യൂനമര്‍ദം: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Published on 18 November 2020 7:39 pm IST
×

കണ്ണൂര്‍: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ കേരള തീരത്തു നിന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നിരോധിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. നിലവില്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരങ്ങളില്‍ എത്തണമെന്നും നിര്‍ദ്ദേശമുണ്ട്. 

തെക്ക് കിഴക്കന്‍ അറബിക്കടലില്‍  ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറും. തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ രൂപീകരണ സാധ്യതാ മുന്നറിയിപ്പ് മത്സ്യ തൊഴിലാളി ഗ്രാമങ്ങളിലും മത്സ്യബന്ധന തുറമുഖങ്ങളിലും വിളിച്ചു പറയേണ്ടതും അപകട സാധ്യത ഒഴിവാകുന്നതുവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയുകയും ചെയ്യുന്നതിനാവശ്യമായ  നടപടികള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കോസ്റ്റല്‍ പോലിസ്, ഫിഷറീസ് വകുപ്പ്  എന്നിവര്‍ സ്വീകരിക്കേണ്ടതാണ്.

ന്യൂനമര്‍ദം രൂപം കൊള്ളുന്ന സാഹചര്യത്തില്‍ കേരള തീരത്ത് കടലാക്രമണം ശക്തമാകാനും ശക്തമായ കാറ്റിനുമുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait