നൃത്താധ്യപകര്‍ പറയുന്നു.. ഞങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുന്നത്

Published on 18 November 2020 5:28 pm IST
×

നൃത്തം പഠിപ്പിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് നൃത്താധ്യാപകര്‍. കൊവിഡ് മഹാമാരി കാരണം ഒരുപാടു പേര്‍ ജോലിയും കൂലിയുമില്ലാതെ പട്ടിണിയിലാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മറ്റു സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടും എന്നാല്‍ ഇതുവരെയും നൃത്താധ്യാപകര്‍ക്ക് കലാപാഠശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ല. കഴിഞ്ഞ ഏഴ് മാസക്കാലമായി ജോലിയില്ലാതെ സാമ്പത്തികമായും മാനസികമായും ഏറെ പ്രയാസമനുഭവിക്കുന്ന നൃത്താധ്യപകര്‍ മാനസിക പിരിമുറുക്കവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും കാരണം ആത്മഹത്യയുടെ വക്കിലാണെന്ന് ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്സ് ഓര്‍ഡനൈസേഷന്‍സ് ജില്ലാ സെക്രട്ടറി  സെക്രട്ടറി രാജേന്ദ്രന്‍ വെളിയമ്പ്ര പറഞ്ഞു. കഴിഞ്ഞ 10ാം തീയ്യതിയാണ് തലശേരി സ്വദേശിയായ പ്രകാശ് മാസ്റ്റര്‍ ആത്മഹത്യ ചെയ്തത്. ഇനിയുമൊരാളെ കൂടി ആത്മഹത്യയിലേക്ക് തള്ളിവിടാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നൃത്താധ്യാപകരുടെ സംഘടനയായ ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് സര്‍ക്കാരിനോട് ആവിശ്യപ്പെടുന്നു. പലതവണയായി പ്രയാസങ്ങള്‍ അധികാരികളെ അറിയിച്ചെങ്കിലും ഇതുവരെ അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ബാങ്ക് ലോണെടുത്താണ് പലരും കലാപാഠശാലകള്‍ തുടങ്ങിയത്. ഹൗസിങ് ലോണ്‍ ഉള്‍പ്പെടെയുള്ള കടബാധ്യതകള്‍ വേറെയും. ഇത് തിരിച്ചടയ്ക്കാനാവാത്തവരില്‍ പലരും ഇന്ന് ജപ്തി ഭീഷണിയിലാണ്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസക്കാലമാണ് നൃത്താധ്യാപകര്‍ക്ക് വരുമാനം ലഭിക്കുന്നത്. മാത്രമല്ല, ഉത്സവ സീസണ്‍ കൂടിയായതിനാല്‍ നിരവധി പരിപാടികളും സ്റ്റേഡ് ഷോകളുമുണ്ടാകും. എന്നാല്‍ ഇത്തവണ കൊവിഡ് മഹാമാരി കാരണം കടുത്ത പ്രയാസം നേരിട്ടു. ജില്ലയില്‍ ഏകദേശം 325 നൃത്താധ്യാപകരുണ്ട്. കുടുംബം പട്ടിണിയുടെയും ജപ്തി നടപടിയുടെയും വക്കിലെത്തിയപ്പോള്‍ പലരും മറ്റു ജോലികള്‍ അന്വേഷിച്ച് പോയെങ്കിലും ജോലി നൈപുണ്യമില്ലാത്തതിനാല്‍ പിന്തള്ളപ്പെടുകയാണ്. സര്‍ക്കാരിന്റെ സമാശ്വാസമായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇവര്‍ക്ക് ലഭിച്ചത് 1000 രൂപയാണ്. കേരളത്തില്‍ 30 ശതമാനം വരുന്ന കലാകാരന്‍മാര്‍ക്ക് മാത്രമെ ഈ സഹായം ലഭിച്ചിട്ടുള്ളൂവെന്നും ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ അധ്യാപകരുടെ കുടുംബങ്ങളെ തങ്ങള്‍ക്കു കഴിയുന്നപോലെ സഹായിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രയാസം കാരണം ഇതു തുടരാന്‍ കഴിഞ്ഞില്ല. കലാപാഠശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒരേസമയം അഞ്ചുപേര്‍ മാത്രം പങ്കെടുത്തും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ക്ലാസുകള്‍ നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പ് കഴിഞ്ഞ ദിവസം കലക്ടറേറ്റിനു മുന്നില്‍ മണിക്കൂറുകളോളം നൃത്താധ്യാപകര്‍ ധര്‍ണാസമരം നടത്തിയിരുന്നു. ഇതേ ആവിശ്യങ്ങള്‍ ഉന്നയിച്ച് കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.  

'ഏതൊരു ആഘോഷമായാലും കലാകരന്റെ സാന്നിധ്യം അത്യാവശ്യമാണ്. എന്നാല്‍ സമൂഹം അവന്റെ ജീവിതത്തെ കുറിച്ച് മനസിലാക്കുന്നില്ല. സമൂഹം കലാകാരന്‍മാരെ പൂര്‍ണമായും മറന്നിരിക്കുകയാണ്. ഡ്രൈവിങ് സ്‌കൂള്‍, ജിംനേഷ്യം, മസാജ് സെന്ററുകള്‍, സലൂണ്‍ എന്നിവയെല്ലാം തുറന്നു പ്രവര്‍ത്തിച്ചു. എന്നാല്‍ ഇതുവരെയും കലാപാഠശാലകള്‍ തുറക്കാന്‍ അനുവദിച്ചിട്ടില്ല. നൃത്താധ്യാപകരുടെ പ്രശ്നങ്ങളില്‍ ഇതുവരെ ഒരു സാംസ്‌കാരിക സംഘടനകളും ഇടപെട്ടിട്ടില്ല. കോവിഡ് മഹാമാരി പോലെയുള്ള പ്രതിസന്ധികള്‍ വരുമ്പോള്‍ കലാകാരന്‍മാരെ മറക്കാതെ അവര്‍ക്കുവേണ്ട സമാശ്വാസ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് അധ്യാപകര്‍ പറയുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait