ഇലക്കൊരമ്പയുമായി അന്താരാഷ്ട്ര വേദിയില്‍ അമ്പാടി

Published on 18 November 2020 4:15 pm IST
×

കണ്ണൂര്‍: കോവിഡ് മഹാമാരിക്കാലത്ത് തന്റെ പാരമ്പര്യ കരവിരുതിന് അന്താരാഷ്ട്ര വേദിയില്‍ അംഗീകാരം. മലയോര ഗ്രാമമായ മാലോത്തെ പുങ്ങന്‍ചാലിലെ എടത്തില്‍ അമ്പാടി എന്ന ആദിവാസി കലാകാരനാണു തന്റെ പരമ്പരാഗതമായി കിട്ടിയ കരവിരുതകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചത്. യുനെസ്‌കോയുടെ കീഴിലുള്ള ദക്ഷിണ കൊറിയന്‍ സാംസ്‌ക്കാരിക സ്ഥാപനമായ ഐ.സി.എച്ച്.സി.എ.പി എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 'ആപത്ത് കാലത്തെ ഉന്മേഷ കലകള്‍' എന്ന ഓണ്‍ലൈന്‍ സെമിനാറിലാണ് മാവില ഗോത്ര കലാകാരന്റെ 'കൊരമ്പ'എന്ന മഴയെ ചെറുക്കാനുള്ള ഉപകരണ നിര്‍മാണമാണ് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അവതരണം. 

ഫോക് ലാന്റ് ചെയര്‍മാന്‍ ഡോ. വി. ജയരാജനാണ് അന്യംനിന്നു പോകുന്ന ഈ കരകൗശല വൈദഗ്ദ്യത്തെ പരിചയപ്പെടുത്തിയത്. ഓടയും ഇലയും ഉപയോഗിച്ച് നിര്‍മിക്കുന്ന ഇലക്കൊരമ്പ അപൂര്‍വവും അന്യം നിന്ന് പോകുന്ന സാംസ്‌കാരിക പൈതൃകവുമാണ്. തെങ്ങോല കൊണ്ടുണ്ടാക്കുന്നതും പനയോല കൊണ്ടുള്ള തുമായ കൊരമ്പകള്‍ വയലുകളില്‍ നിന്നും  അപ്രത്യക്ഷമായി ക്കഴിഞ്ഞിരിക്കുന്നു. അത് നിര്‍മിക്കാന്‍ അറിയുന്നവരുടെ സംഖ്യ തന്നെ പരിമിതമാണ്. 82 വയസുള്ള അമ്പാടി പുങ്ങന്‍ചാലിലെ കൊടിയംകുണ്ട് തറവാട്ടുകാരുടെ കൃഷിക്കാരനാണ്. നവംബര്‍ 12, 13 തീയ്യതികളില്‍ നടന്ന സെമിനാറില്‍ അവതരിപ്പിക്കാന്‍ വേണ്ടി ഫോക്‌ലാന്റ് ചിത്രീകരണ വിഭാഗം തലവന്‍ സതീശ് ബങ്കളവും കെ. സുരേശനും ചേര്‍ന്നാണ് വീഡിയോ ചിത്രീകരിച്ചത്. പിളര്‍ന്ന് തട്ടിലായി ഓടയുടെ നടുവില്‍ കാട്ടു കൂവയുടെ ഇല കൊണ്ടാണ് കൊരമ്പ നിര്‍മിക്കുക. കൈയ്യുള്ള നാരാണ് ഓട കെട്ടാന്‍ ഉപയോഗിക്കുന്നത്. തികച്ചും പരിസ്ഥിതി സൗഹൃദ വസ്തുകളുപയോഗിച്ച് നിര്‍മിക്കുന്ന കൊരമ്പ വര്‍ഷങ്ങളോളം വരെ കേടാകാതെ നില്‍ക്കുമെന്ന് അമ്പാടി പറഞ്ഞു. ഇത്തരം കൊരമ്പകള്‍ കൃഷിപ്പണി ചെയ്യുമ്പോള്‍ ശരീരത്തെ മഴയില്‍ നിന്നും പൂര്‍ണമായി സംരക്ഷിക്കുന്നു. തമ്പാന്‍ കൊടിയംകുണ്ടാണ് അമ്പാടിയെയും അദ്ദേഹത്തിന്റെ കലാകരകൗശല രംഗത്തെ കഴിവ് ഫോക്‌ലാന്റിന് പരിചയപ്പെടുത്തിയത്. മംഗലംകളിക്കു വേണ്ട തുടി നിര്‍മാണത്തിലും എരുതുകളിയുടെ എരുത് നിര്‍മാണത്തിലും വിദഗ്ദനായ അമ്പാടി 2003ല്‍ തിരുവനന്തപുരത്ത് അന്നത്തെ സാംസക്കാരിക വകുപ്പ് മന്ത്രി ജി.കാര്‍ത്തികേയന്‍ കാവാലം നാരായണപ്പണിക്കര്‍ എന്നിവരുടെ മുമ്പാകെ മംഗലംകളിയുടെ കുലപതി കാരിച്ചിയുടെ നൃത്തച്ചുവടിനു തുടി വായിച്ചിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

KANNUR KERALA

Related News

Latest News

Loading...please wait