കണ്ണൂരിന്റെ നെഞ്ചിലാണ്.. പക്ഷേ, വോട്ടെടുപ്പിനില്ല

മെട്രോ ലേഖകന്‍
Published on 16 November 2020 5:29 pm IST
×

കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന മൂന്ന് ദേശക്കാര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വലിയ 'റോളില്ല'. ചുറ്റും തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോള്‍ ഇവിടെയുള്ള വോട്ടര്‍മാര്‍ കാഴ്ചക്കാരാണ്. കണ്ണൂരിന്റെ നെഞ്ചിലുള്ള കന്റോണ്‍മെന്റ് പ്രദേശത്തും സുപ്രധാന നഗരസഭയായ മട്ടന്നൂരിലും അതിര്‍ത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശമായ മയ്യഴിയിലുമാണ് തെരഞ്ഞെടുപ്പില്ലാത്തത്.

വീണ്ടും നീട്ടി കന്റോണ്‍മെന്റ് തെരഞ്ഞെടുപ്പ്

രാജ്യത്ത് സൈന്യത്തിന്റെ കീഴില്‍ ആകെ 64 കന്റോണ്‍മെന്റ് പ്രദേശങ്ങളുണ്ട്. ഇതിലൊന്നാണ് കടല്‍ തീരത്തോടടുത്തു നില്‍ക്കുന്ന കണ്ണൂരിന്റെ കന്റോണ്‍മെന്റ്. കേരളത്തിലെ ഏക കന്റോണ്‍മെന്റ് ഏരിയ. പ്രത്യേക ഭരണസമിതിയാണ് കന്റോണ്‍മെന്റിന്റെ തദ്ദേശ ഭരണ ചുമതല നിര്‍വഹിക്കുന്നത്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാറുണ്ടെങ്കിലും പലപ്പോഴും ഭരണസമിതിയുടെ കാലാവധി നീട്ടിനല്‍കും. ഇത്തവണ ആഗസ്തില്‍ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും ആറുമാസം വരെ കൂടി കണ്ണൂരിന് നീട്ടിനല്‍കി. രാജ്യത്തെ മറ്റു കന്റോണ്‍മെന്റ് പ്രദേശങ്ങളുടെ കൂടെ തെരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് കാലാവധി ദീര്‍ഘിപ്പിച്ചത്. 2021 ഫെബ്രുവരിയോടെ കന്റോണ്‍മെന്റ് പ്രദേശം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷ. ആറു വാര്‍ഡുകളിലായി വിവിധ സാധരണ പോലെ പാര്‍ട്ടികള്‍ മത്സരിത്തിനിറങ്ങും. നിലവില്‍ ആറുവാര്‍ഡുകളില്‍ അഞ്ചിലും കോണ്‍ഗ്രസിനാണ് വിജയം. ഒരു സീറ്റില്‍ സി.പി.എമ്മിനും. ബോര്‍ഡ് വൈസ് പ്രസിഡന്റ് സ്ഥാനം തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്കായിരിക്കും. 12 അംഗ ഭരണസമിതി കമ്മിറ്റിയില്‍ ആറുപേര്‍ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളും അഞ്ചുപേര്‍ ആര്‍മിയില്‍ നിന്നുള്ളവരും ഒരാള്‍ ജില്ലാകലക്ടറുടെ പ്രതിനിധിയുമായിരിക്കും. സ്വാതന്ത്ര്യത്തിനു ശേഷമാണ് കണ്ണൂര്‍ കന്റോണ്‍മെന്റ് സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. കണ്ണൂര്‍ നഗരസഭയുടെ ഭാഗമായിരുന്ന ബര്‍ണശ്ശേരിയെ വേര്‍പെടുത്തി 1938 ജനുവരി ഒന്നിനാണ് കണ്ണൂര്‍ കന്റോണ്‍മെന്റ് രൂപീകരിച്ചത്. എക്സിക്യൂട്ടീവ് ഓഫിസറാണ് ഭരണാധികാരി. 5000 പേരാണ് കന്റോണ്‍മെന്റ് പ്രദേശത്ത് നിലവില്‍ താമസിക്കുന്നത്. ഇതില്‍ 2000 പേര്‍ പൂര്‍ണമായും മലയാളി കുടുംബങ്ങളാണ്. 

തെരഞ്ഞെടുപ്പില്ലാത്ത മയ്യഴി

1973ലാണ് പുതുച്ചേരി സംസ്ഥാനത്ത് മുനിസിപ്പല്‍ ആക്ടും വില്ലേജ് കൊമ്യൂണ്‍ പഞ്ചായത്ത് ആക്ടും നിലവില്‍വരുന്നത്. 37 വര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാതിരുന്നിട്ടുണ്ട് കേന്ദ്ര ഭരണപ്രദേശമായ മയ്യഴിയില്‍. കണ്ണൂരിന്റെ അതിര്‍ത്തി പങ്കിടുന്ന ഈ കൊച്ചു പ്രദേശത്ത് 2006ലാണ് അവസാനമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. അതും കോടതി ഉത്തരവിലൂടെ ലഭിച്ച വിധിയുടെ അടിസ്ഥാനത്തില്‍. പൊതുതെരഞ്ഞെടുപ്പിനായി മയ്യഴി സ്വദേശി അഡ്വ. ടി.അശോക് കുമാര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവായത്. 2011 ജൂലൈ 11ന് ഈ ഭരണസമിതിയുടെ കാലാവധി തീര്‍ന്നെങ്കിലും വീണ്ടും തെരഞ്ഞെടുപ്പ് നടന്നില്ല. കാലാവധി കഴിഞ്ഞ് ഒമ്പതുവര്‍ഷത്തിനുശേഷം പുതുച്ചേരി സംസ്ഥാനത്ത് നഗരസഭ-പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതായി അറിയുന്നു. 15 അംഗ കൗണ്‍സിലിലേക്ക് 
വാര്‍ഡ് അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടിക തയാറാക്കുന്ന ജോലി ആരംഭിച്ചു. വിജ്ഞാപനം പുറപ്പെടുവിച്ചശേഷം മാറ്റിയ ചരിത്രമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് എന്ന് നടക്കുമെന്നത് മറ്റൊരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. സര്‍ക്കാരും ലെഫ്. ഗവര്‍ണറും തമ്മിലുള്ള ശീതസമരത്തിനൊടുവില്‍ തെരഞ്ഞെടുപ്പ് കമീഷണറെ നിയമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ച ആളെ ഒഴിവാക്കി ലെഫ്. ഗവര്‍ണര്‍ നിയമനം നടത്തിയതിനെതിരേ സംസ്ഥാനം രംഗത്തുവന്നിരുന്നു.തര്‍ക്കം അവസാനിച്ച് തെരഞ്ഞെടുപ്പ് എപ്പോഴെത്തുമെന്ന് വോട്ടര്‍മാര്‍ക്ക് നിശ്ചയവുമില്ല. 2013ല്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നെങ്കിലും വാര്‍ഡ് വിഭജനവും സംവരണവും സംബന്ധിച്ച പരാതി കോടതികയറിയതോടെ തടസപ്പെട്ടു. ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്താന്‍ 2015ല്‍ ഉത്തരവായി. 2018 മെയ് എട്ടിന് കോടതി ഇടപെട്ട് നാലാഴ്ചക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദേശിച്ചു. 2019ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി കോടതിയെ അറിയിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല. മാഹിയില്‍ 15 വാര്‍ഡ് പത്തായി. നാല് വാര്‍ഡ് വനിതകള്‍ക്കും മൂന്നെണ്ണം ഒ.ബി.സി സംവരണവുമാണ്. അയല്‍പ്രദേശമായ കേരളം തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോഴും  മയ്യഴിക്കാര്‍ എന്നോ വരാനുള്ള തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ്. 

2022ല്‍ മട്ടന്നൂര്‍ തെരഞ്ഞെടുപ്പ് 

കേരള സംസ്ഥാന് 1200 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 1199ലും തെരഞ്ഞെടുപ്പ് നടക്കുമ്പോഴും മട്ടന്നൂര്‍ക്കാര്‍ക്ക് അതൊന്നും ഏശാറില്ല. രാഷ്ട്രീയക്കളിയുടെ പേരില്‍ കോടതി കയറിയപ്പോള്‍ രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനുള്ള വിധിയാണ് മട്ടന്നൂര്‍ നഗരസഭയ്ക്കു ലഭിച്ചത്. ഇതോടെ സകല സ്ഥലത്തും തെരഞ്ഞെടുപ്പ് കൊട്ടിക്കയറുമ്പോള്‍ മട്ടന്നൂരിലുള്ളവര്‍ കാണികളാവും. 1990ലെ ഇ.കെ നായനാര്‍ മന്ത്രിസഭ നഗരസഭയായി ഉയര്‍ത്തിയപ്പോള്‍ 1991ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് മന്ത്രിസഭ പഞ്ചായത്തായി തരംതാഴ്ത്തിയതാണ് മട്ടന്നൂരിന് മാത്രം പ്രത്യേകം തെരഞ്ഞെടുപ്പ് നടത്താന്‍ കാരണം. 1997ല്‍ വീണ്ടും എല്‍.ഡി.എഫ് മന്ത്രിസഭ അധികാരത്തില്‍ വന്നതോടെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ മട്ടന്നൂരിനെ വീണ്ടും നഗരസഭയായി പ്രഖ്യാപിച്ചു. 1997 സെപ്തംബറിലെ പ്രഥമ തെരഞ്ഞെടുപ്പില്‍ സി.പി.എം അധികാരത്തില്‍ വരികയും ചെയ്തു. പഴശ്ശി, കോളാരി, പൊറോറ എന്നീ വില്ലേജുകള്‍ ചേര്‍ന്ന് 1962 ല്‍ മട്ടന്നൂര്‍ പഞ്ചായത്ത് നിലവില്‍ വന്നത്. 1963 ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ കെ.ടി മാധവന്‍ നമ്പ്യാരായിരുന്നു ആദ്യ പ്രസിഡന്റ്. 1978 ഭരണസമിതി പിരിച്ചുവിട്ടു. 1979 ല്‍ മുകുന്ദന്‍ മാസ്റ്റര്‍ പഞ്ചായത്ത് പ്രസിഡന്റായി ഭരണസമിതി നിലവില്‍ വന്നു. 1990ല്‍ ആണ് മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ടത്. 1994 പഞ്ചായത്തായി തരം താഴ്ത്തിയെങ്കിലും കോടതി ഈ സര്‍ക്കാര്‍ നടപടി തടഞ്ഞുവെന്നതാണ് ചരിത്രം. മട്ടന്നൂരില്‍ അടുത്ത നഗരസഭാ തെരഞ്ഞെടുപ്പ് 2022ലാണ് നടക്കുക. നഗരസഭയില്‍ ആകെ 35 വാര്‍ഡിലേക്കാണ് വോട്ടെടുപ്പ് നടത്തുക.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait