ബ്രസീലില്‍ ചൈനയുടെ സിനോവാക് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നിര്‍ത്തിവച്ചു

Published on 10 November 2020 8:43 pm IST
×

സാവോപോളോ: ബ്രസീലില്‍ ചൈനയുടെ സിനോവാക് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നിര്‍ത്തിവച്ചു. രോഗികളില്‍ അസാധാരണവും വിപരീതവുമായ മാറ്റങ്ങള്‍ കണ്ടതോടെ ചൈനീസ് കമ്പനി സിനോവാക് ബയോടെക് വികസിപ്പിച്ച വാക്‌സിന്‍ പരീക്ഷണം അടിയന്തരമായി നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നുവെന്നു ബ്രസീലിലെ ആരോഗ്യ അതോറിറ്റിയായ അന്‍വിസ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ എന്തുതരം മാറ്റങ്ങളാണ് രോഗികളില്‍ പ്രകടമായത് എന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ ബ്രസീലിയന്‍ ഭരണകൂടം തയാറായില്ല. വാക്‌സിന്‍ പരീക്ഷണം നടത്തിയ വ്യക്തിയുടെ മരണത്തെ തുടര്‍ന്നാണ് നടപടിയെന്ന് പരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഗവേഷക സ്ഥാപനം ബ്യൂട്ടന്റെ ഡയറക്ടര്‍ ഡിമാസ് കോവാസ് പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനു ഔദ്യോഗിക സ്ഥിരീകരണമില്ല. സിനോവാക് വാക്‌സിന്‍ ഉപയോഗിച്ചതല്ല മരണകാരണമെന്ന് ഡിമാസ് പറഞ്ഞതായും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 'നിര്‍ഭാഗ്യകരമായ സംഭവത്തെ' തുടര്‍ന്നാണ് സിനോവാക് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നിര്‍ത്തിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ആ 'നിര്‍ഭാഗ്യകരമായ സംഭവം' എന്തെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല. 

ചൈനയില്‍ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ചൈന സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ള നാല് കോവിഡ് വാക്‌സിനുകളാണ് ചൈനയ്ക്കുള്ളത്. സിനോവാക് ഉള്‍പ്പെടെയുള്ള മൂന്ന് വാക്‌സിനുകള്‍ ജൂലൈയില്‍ പുറത്തിറക്കിയ അടിയന്തര ആവശ്യ ഉപയോഗ പരിപാടി (എമര്‍ജന്‍സി യൂസ് പ്രോഗ്രാം) യുടെ കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി അവശ്യ തൊഴിലാളികള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. 

ഒക്ടോബര്‍ 28 മുതലാണ് ബ്രസീലില്‍ സിനോവാക് വാക്സിന്‍ പരീക്ഷിച്ചത്. സാവോ പോളോ ഗവര്‍ണര്‍ ജോ ഡോറിയയുടെ നിര്‍ബന്ധിത ചൈനീസ് വാക്സിന്‍ പ്രചാരണത്തിനെതിരെ ബ്രസീലില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. ചൈനീസ് വാക്‌സിന്‍ സുരക്ഷിതമല്ലെന്ന്  ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങള്‍. 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait