നിര്‍ണായകമായ മൂന്ന് കൂട്ടബലാംത്സഗ കേസുകള്‍; ഡിവൈ.എസ്.പി ടീമിന് അഭിനന്ദനം

Published on 31 October 2020 4:16 pm IST
×

തളിപ്പറമ്പ്: നിര്‍ണായകമായ മൂന്ന് കൂട്ടബലാംത്സഗ കേസുകളില്‍ രണ്ടു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും പെരിങ്ങോം കേസില്‍ പ്രതികളെ പിടികൂടുകയും ചെയ്തതോടെ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള ടീമിന് അഭിനന്ദനം. കുപ്പോളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാംത്സഗത്തിനു ഇരയാക്കിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ക്കകമാണ് ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക ടീം പ്രതികളെ പിടികൂടിയത്. കൃത്യമായ അന്വേഷണത്തിലൂടെ ഇതിനകം ആറു കേസുകളിലായി എട്ടുപേരെ പോക്‌സോ ചുമത്തി റിമാന്‍ഡ് ചെയ്തു. നേരത്തെ ശ്രീകണ്ഠപുരത്തും ആലക്കോടും സമാനമായ രീതിയില്‍ കൂട്ടബലാംത്സഗം റിപോര്‍ട്ടു ചെയ്തപ്പോഴും ഇതേ ടീമിനായിരുന്നു അന്വേഷണ ചുമതല. രണ്ടു കേസിലും ഒരു മാസത്തിനകം പ്രതികളെ പിടികൂടി ഇരകള്‍ക്ക് വേഗത്തില്‍ നീതി ഉറപ്പാക്കുന്നതിനായി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യം തടയുന്നതിനായി ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു. ശ്രീകണ്ഠപുരത്ത് ബുദ്ധിമാന്ദ്യമുള്ള 22കാരിയെ മൂന്നംഗ സംഘം ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയാണ് ചെങ്ങളായി കലാഗ്രാമത്തിലെ ഷെഡില്‍ വച്ച് ബലാല്‍സംഗത്തിന് ഇരയാക്കിയത്. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം. ഒരാഴ്ചക്കുള്ളില്‍ തന്നെ മൂന്ന് പ്രതികളെയും ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ടീം അറസ്റ്റു ചെയ്യുകയായിരുന്നു. ഒരുമാസം തികയുന്നതിനുമുമ്പ് തന്നെ കേസിലെ മുഴുവന്‍ പ്രതികളെയും കണ്ടെത്തി അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സമാനമായ രീതിയില്‍ ആലക്കോട്ടെ 24കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി വീട്ടില്‍ വച്ച് കൂട്ടബലാല്‍സംഗത്തിന് വിധേയമാക്കിയ കേസിലും ഒരുമാസം തികയും മുമ്പേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഡിവൈ.എസ്.പിയുടെ സ്‌ക്വാഡിലെ എസ്.ഐ എന്‍.കെ ഗിരീഷ്, എ.എസ്.ഐ സത്യന്‍, ഡിവൈ.എസ്.പി ക്രൈം സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പോലീസ് സുരേഷ് കക്കറ, കെ.സിന്ധു, ടി.കെ ഗിരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait