ചന്ദനം മുറിച്ചുകടത്താന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍

സംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു
Published on 31 October 2020 3:58 pm IST
×

തളിപ്പറമ്പ്: തളിപ്പറമ്പില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടുവളപ്പില്‍ നിന്ന് ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ കാര്‍ സഹിതം പോലിസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ ശിവപുരത്തെ വി.വിജേഷ് (29) കൂത്തുപറമ്പ് മൂര്യനാടെ സി.അനൂപ് (32)എന്നിവരെയാണ് തളിപ്പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് പറശിനിക്കടവ് മമ്പാലയിലെ പി.എം പ്രേംകുമാറിന്റെ വീട്ടില്‍ നിന്നാണ് ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമം നടന്നത്. 

ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. പല തവണയായി ഒരു കാറും ചിലരും വീടിന്റെ പരിസരത്ത് കറങ്ങുന്നതായി പ്രേംകുമാറിന്റെയും വീട്ടിലെ കറവക്കാരന്റെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന തളിപ്പറമ്പ് ഗ്രേഡ് എസ്.ഐ പി.രമേശനും സംഘവും സംശയാസ്പദമായി കണ്ട ആള്‍ട്ടോ കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന നാല് പേരില്‍ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. വിജേഷിനെയും അനൂപിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ചന്ദനം കടത്താനെത്തിയതാണെന്ന് അറിയുന്നത്. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ എട്ടു ചന്ദനമര കഷ്ണങ്ങളും മുറിക്കാനുപയോഗിച്ച ബ്ലേഡും കണ്ടെടുത്തത്.  

സി.ഐ എന്‍.കെ സത്യനാഥന്‍, എസ്.ഐ പി.സി സഞ്ജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. വീട്ടില്‍ നിന്നും അഞ്ചോളം തവണ ചന്ദനം മുറിച്ചുകടത്താന്‍ ശ്രമം നടന്നതായി പരാതിക്കാരനായ പ്രേംകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തെങ്ങ് മുറിക്കാനുണ്ടോ എന്നന്വേഷിച്ചു രണ്ടുപേര്‍ സ്ഥലത്തു എത്തിയതായും നാട്ടുകാര്‍ പോലിസില്‍ വിവരം നല്‍കിയിട്ടുണ്ട്. ഓടിരക്ഷപ്പെട്ടവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait