ഇന്ദിരാഗാന്ധി ഇന്ത്യയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ഭരണാധികാരി: സതീശന്‍ പാച്ചേനി

Published on 31 October 2020 3:49 pm IST
×

കണ്ണൂര്‍: രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഒരുക്കിയ അടിത്തറയില്‍ നിന്നുകൊണ്ട് ഇന്ത്യാ രാജ്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്നും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ഇന്ദിരാജിയുടെ സ്മരണ രാജ്യത്തിന് പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ വഴികാട്ടിയാണെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 36-ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഡി.സി.സി ഓഫീസില്‍ നടന്ന പുഷ്പാര്‍ച്ചനക്കും അനുസ്മരണ പരിപാടിക്കും നേതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു പാച്ചേനി.

ഭരണരംഗത്തെ കാര്യക്ഷമതയിലൂടെയും ധീരമായ തീരുമാനങ്ങളിലൂടെയും ലോക നേതാക്കള്‍ക്ക് മാതൃകയായ ഇന്ദിരാഗാന്ധി രാജ്യത്തിന് സംഭാവന ചെയ്ത മഹിതമായ മതേതര മൂല്യങ്ങളും ദര്‍ശനങ്ങളും കൂടുതല്‍ കരുത്തോടെ നാം ഉയര്‍ത്തിപ്പിടിക്കേണ്ട സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. പുഷ്പാര്‍ച്ചനക്ക് ശേഷം നേതാക്കള്‍ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിന് കീഴില്‍ സത്യാഗ്രഹവുമനുഷ്ടിച്ചു. 

ചടങ്ങുകള്‍ക്ക് കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ മാര്‍ട്ടിന്‍ ജോര്‍ജ്ജ്, വി.എ നാരായണന്‍, അഡ്വ. സോണി സെബാസ്റ്റ്യന്‍, അഡ്വ. പി.എം നിയാസ്, അഡ്വ. സജീവ് ജോസഫ്, സജീവ് മാറോളി, മുന്‍ എം.എല്‍.എ പ്രൊഫ. എ.ഡി മുസ്തഫ. എം.പി മുരളി, സുമാ ബാലകൃഷ്ണന്‍, എന്‍.പി ശ്രീധരന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ഡി.സി.സി ഭാരവാഹികളായ സുരേഷ്ബാബു എളയാവൂര്‍, എം.പി വേലായുധന്‍, സി.വി സന്തോഷ്, ബിജു  ഉമ്മര്‍, ടി. ജയകൃഷ്ണന്‍, കൂക്കിരി രാഗേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, കല്ലിക്കോടന്‍ രാഗേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait